കുടുംബക്ഷേത്രത്തിൽ ദർശനത്തിനു പോയി മടങ്ങിവരാമെന്ന് പറഞ്ഞ് ഇറങ്ങിയ ഉറ്റവർ ജീവനറ്റ് മുറ്റത്തെത്തിയപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അത്രയും നേരം അടക്കിപ്പിടിച്ച സങ്കടം പുറത്തു വന്നത് നെഞ്ചകം പിളർക്കുന്ന നിലവിളിയായാണ്.4 മൃതദേഹങ്ങൾ ഒരുമിച്ച് വീട്ടിൽ പൊതു ദർശനത്തിനായി വച്ചപ്പോൾ അത് കരളലിയിക്കുന്ന കാഴ്ചയായി.ഒട്ടേറെ പേരാണ് ഇവരുടെ മൃതദേഹം അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്. പൊതുദർശനത്തിനു ശേഷം തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു.
സൂരജ് എന്ന ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങുമ്പോൾ നാടിന് നഷ്ടമാവുന്നത് പ്രതിഫലേച്ഛ ഇല്ലാതെ കംപ്യൂട്ടർ ജോലികൾ പൂർത്തിയാക്കുന്ന വിദഗ്ധനെ കൂടിയാണ്.ഉദയംപേരൂരിലെ ഏതാണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കംപ്യൂട്ടറുകൾ സർവീസ് ചെയ്തിരുന്നത് സൂരജായിരുന്നു.സ്കൂളിലെ ഒരു ജീവനക്കാരനെപ്പോലെയാണ് സൂരജ് ജോലി നിർവഹിച്ചിരുന്നതെന്ന് അധ്യാപകർ പറയുന്നു.
പുലർച്ചെ നാടുണർന്നത് ദുരന്ത വാർത്ത കേട്ട്. ഉദയംപേരൂർ പത്താംമൈൽ മനയ്ക്കൽപറമ്പിൽ വിശ്വനാഥൻ (62), ഭാര്യ ഗിരിജ (57), മകൻ സൂരജ് (32), വിശ്വനാഥന്റെ അനിയൻ സതീശന്റെ ഭാര്യ അജിത (49) എന്നിവർ വൈക്കത്ത് അപകടത്തിൽ മരിച്ചത് നാടിനെ നടുക്കി. ഒരേ പറമ്പിൽ തന്നെ വീടുവച്ചാണ് വിശ്വനാഥനും അനിയൻ സതീശനും താമസിക്കുന്നത്. നാട്ടുകാർക്ക് കുടുംബവുമായി വളരെയടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
രാവിലെ പാൽ വാങ്ങാൻ അയൽവാസികൾ എത്തിയപ്പോൾ വിശ്വനാഥന്റെ പലചരക്കു കട അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് സതീശന്റെ അടുത്ത് അന്വേഷിച്ചപ്പോൾ തന്റെ ഭാര്യ ഉൾപ്പെടെ വൈക്കത്തു ക്ഷേത്ര ദർശനത്തിനു പോയി എന്നായിരുന്നു മറുപടി. കുറച്ചു സമയത്തിന് ശേഷം ഫോൺ വന്ന് സതീശൻ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ കരയുന്നതു കണ്ടു കാര്യം തിരക്കിയപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്ന് അയൽവാസികൾ പറഞ്ഞു.വിശ്വനാഥന്റെ മകൾ അഞ്ജുഷ കൂടി വീട്ടിലേക്ക് എത്തിയതോടെ വാവിട്ട കരച്ചിലായി. അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വേർപാട് ഉണ്ടാക്കിയ ദുഃഖത്തിൽ അഞ്ജുഷയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ സമീപവാസികളും വിങ്ങിപ്പൊട്ടി. പ്രിയതമയുടെ അവിചാരിതമായ വിയോഗ വാർത്ത കേട്ട് തളർന്നു വീണ സതീശനെ ആശുപത്രിയിൽ എത്തിച്ചു.
കാർ യാത്രയ്ക്കിടെ കവലയിൽ വഴി തെറ്റി; അതു തിരിച്ചു വരാൻ പറ്റാത്ത യാത്രയായും മാറി. വിശ്വനാഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ചേർത്തലയ്ക്കു പോകാനായി വൈക്കം പുളിഞ്ചുവട് ജംക്‌ഷനിലാണ് തിരിഞ്ഞത്. കാറോടിച്ചിരുന്ന സൂരജ് ജംക്‌ഷനു മുൻപ് നിർത്തി വഴി ചോദിക്കുകയും ചെയ്തു. തുടർന്നാണ് ചേരുംചുവട് പാലത്തിലേക്കു കയറിയത്. പാലം കയറി ചേർത്തല ഭാഗത്തേക്കു തിരിയേണ്ടതിനു പകരം കാർ നേരെ ചെമ്മനത്തുകര റോഡിലേക്കാണു നീങ്ങിയത്. അങ്ങനെ നാലു വഴികൾ വന്നു ചേരുന്ന കവലയ്ക്കു നടുവിലേക്ക് കാറെത്തി.
ചേർത്തല ഭാഗത്തു നിന്നു വന്ന ബസ് കാറിൽ ഇടിച്ചു കയറി. കാർ ചേർത്തല ഭാഗത്തേക്കു തിരിഞ്ഞിരുന്നെങ്കിൽ അപകടം ഒഴിവായേനെ. ജംക്‌ഷൻ ആയിരുന്നിട്ടും ബസ് വേഗം കുറയ്ക്കാതെ പാഞ്ഞെത്തുകയായിരുന്നു. ബസിലെ സ്ഥിരം ഡ്രൈവറിനു പകരം ഇന്നലെ പുതിയ ഡ്രൈവറാണ് ഓടിച്ചതെന്നും പറയുന്നു.
വലിയ ശബ്ദം കേട്ടു. വൈദ്യുതി നിലച്ചു.. ആകെ ഇരുട്ട്... എന്താണെന്ന് ആദ്യം മനസ്സിലായില്ല. ഓടിയെത്തിയപ്പോൾ ആദ്യം കാണുന്നത് കാറിനു മുകളിൽ ഒരു ബസ് നിൽക്കുന്നതാണ്. പ്രദേശം മുഴുവൻ ഇരുട്ട്. ബസിനുള്ളിൽ മാത്രമേ വെളിച്ചമുള്ളൂ. ബസിൽ ആരുമുണ്ടായിരുന്നില്ല. കാറിന്റെ രൂപം പോലും മനസ്സിലാകുന്നില്ലായിരുന്നു. അത്രയധികം തകർന്നു പോയി. കാറിനുള്ളിൽ ആളുകളുണ്ടെന്ന് അറിയാം. പക്ഷേ, പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരാളും രക്ഷപ്പെടില്ല എന്നു പേടി തോന്നി. അതു സത്യമായി.