c-ravindranath-minister

ഇല്ലാത്ത ഉദ്ഘാടനത്തിന് കരിവള്ളൂരിലെത്തി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങി. കരിവള്ളൂർ എവി സ്മാരക സർക്കാർ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിൽ മൂന്ന് കോടി രൂപ ചിലവിട്ട് മൂന്ന് നിലക്കെട്ടിടം നേരത്തെ നിർമാണം പൂർത്തിയാക്കിയിരുന്നു.

ഇക്കഴിഞ്ഞ നവംബർ 30 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സ്കൂള്‍ അധികൃതരും നാട്ടുകാരും ചേർന്ന് വലിയ ആഘോഷപൂർവം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും അസൗകര്യങ്ങളുള്ളതിനാൽ എത്താനാവില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

കടുത്ത നിരാശയിലായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ അധികൃതർ ഉദ്ഘാടനം നീട്ടിവച്ചു. ഇതിനിടയിലാണ് മന്ത്രി തിയതി മാറിപ്പോയി കരിവള്ളൂരിലെത്തിയത്. സ്കൂൾ മുറ്റത്തെത്തി ഹയർസെക്കന്ററി ബ്ലോക്ക് ചോദിച്ചു. അകമ്പടി പൊലീസുകാരൻ ഹയർസെക്കന്ററിയിലെത്തി ഉദ്ഘാടനം നടക്കാനുള്ള സ്ഥലം ചോദിച്ചപ്പോൾ പ്രിൻസിപ്പലും അധ്യാപകരും ഞെട്ടി. 

പെട്ടെന്ന് തന്നെ അബദ്ധം മനസിലായതോടെ മന്ത്രി കാറിൽ കയറി സ്ഥലംവിട്ടു.