ചരിത്രപ്രസിദ്ധമായ പൊന്നാനി മിസ്‍രി പള്ളിയുടെ നഷ്ടപ്രതാപം തിരികെയെത്തുന്നു. 85 ലക്ഷം രൂപ ചിലവില്‍ പള്ളിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പള്ളിയിലെ ചരിത്രശേഷിപ്പുകളെ അതേപടി സംരക്ഷിച്ചാവും നവീകരണം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൊന്നാനി മിസ്‍രി പള്ളി ഭംഗി വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ്. പൈതൃക സംരക്ഷണ പദ്ധതിയായ മുസ്‍രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പള്ളിയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.
ചരിത്രമുറങ്ങുന്ന പള്ളിയുടെ മുന്‍ഭാഗം പൊളിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടലിലൂടെയാണ് മുസ്‍രിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ പള്ളി ഇടം പിടിക്കുന്നത്.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടനയിക്കാന്‍ സാമൂതിരിയും, സൈനുദ്ദീന്‍ മക്ദൂമിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൈന്യവും പൊന്നാനിയിലെത്തി എന്നാണ് ചരിത്രം. ഈജിപ്തുകാരെ മിസ്‍രികള്‍ എന്ന് വിളിക്കുന്നതിനാലാണ് ഇവര്‍ തമ്പടിച്ച പ്രദേശത്ത് നിര്‍മ്മിച്ച പള്ളിയെ മിസ്‍രി പള്ളിയെന്ന് പൊന്നാനിക്കാര്‍ വിളിച്ചുതുടങ്ങിയത്.