police

തിരുവനന്തപുരം വിളപ്പില്‍ശാല പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും തൊണ്ടിവാഹനങ്ങള്‍ പഴയ സ്റ്റേഷന്‍ പരിസരത്ത് കെട്ടിക്കിടക്കുന്നു. വാഹനങ്ങള്‍ മാറ്റാന്‍ കാലതാമസം നേരിടുന്നതിനാല്‍ കെട്ടിടം മറ്റാര്‍ക്കും വാടകയ്ക്ക് കൊടുക്കാനും ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല.

പൊലീസുകാര്‍ക്ക് തലവേദനയുണ്ടാക്കിയ കള്ളന്മാരുടെ വാര്‍ത്തകള്‍ നമ്മള്‍ മുമ്പും കേട്ടിട്ടുണ്ട്. എന്നാല്‍ വിളപ്പില്‍ശാലയിലെ പഴയ പൊലീസ് സ്റ്റേഷനും സ്റ്റേഷന്‍ പരിസരത്ത് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും തലവേദനയുണ്ടാക്കുന്നത് സ്ഥലം ഉടമയ്ക്കും നാട്ടുകാര്‍ക്കുമാണ്.

ജനുവരിയില്‍ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ലഭിച്ചതോടെ പൊലീസുകാര്‍ ഫയലുകളും ഫര്‍ണീച്ചറുകളുമായി പുതിയ സ്റ്റേഷനിലേക്ക് ചേക്കേറി. വര്‍ഷങ്ങളായി കേസില്‍പെട്ട് പഴയ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ആര്‍ക്കും വേണ്ടാതായി. പൊലീസുകാരുപേക്ഷിച്ച് പോയതോടെ മുന്നൂറോളം വാഹനങ്ങളാണ് ഇവിടെകിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്.  കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം. 

ഭൂരിഭാഗം വാഹനങ്ങളുടെ കേസുകളും കോടതിയുടെ പരിഗണനയിലായതിനാലാണ് വാഹനങ്ങള്‍ ലേലം ചെയ്യാനാകാത്തതെന്നും ഉടനെ ഇവടെ നിന്ന് വിതുരയിലേക്ക് വാഹനങ്ങള്‍ മാറ്റാനുള്ള നടപടികള്‍ തുടങ്ങുമെന്നും പൊലീസും വ്യക്തമാക്കി