പുനഃസംഘടന വഴിമുട്ടിയ യൂത്ത് കോണ്‍ഗ്രസില്‍ ഒാണ്‍ലൈന്‍ വോട്ടെടുപ്പ് വരുന്നു. സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ സമവായമായെങ്കിലും മറ്റുള്ള സ്ഥാനങ്ങളില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് 25ന് വോട്ടെടുപ്പ്. രണ്ടുവര്‍ഷം മുമ്പ് അംഗത്വമെടുത്തപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ വോട്ടു ചെയ്യാന്‍ വേണമെന്നിരിക്കെ എത്രപേര്‍ക്ക് വോട്ടിടാന്‍ കഴിയുമെന്നതും സംശയകരമാണ്.
കോണ്‍ഗ്രസിനേക്കാള്‍ കഷ്ടമാണ് യൂത്ത് കോണ്‍ഗ്രസിലെ കാര്യം. മാസങ്ങളായി ഗ്രൂപ്പായും ഗ്രൂപ്പില്ലാതെയും ചര്‍ച്ച നടത്തിയിട്ടും പുനസംഘടന പൂര്‍ത്തിയാക്കാനായില്ല. പതിനാറാം തീയതിയായിരുന്നു സമവായത്തിന് ദേശീയനേതൃത്വം നല്‍കിയ സമയപരിധി. എന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഒാണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുന്നത്. ഷാഫി പറമ്പില്‍ എം.എല്‍.എയെ പ്രസിഡന്റാക്കാനും കെ.എസ് ശബരിനാഥന്‍ അടക്കം ഏഴുപേരെ വൈസ് പ്രസിഡന്റാക്കാനും ധാരണയായെങ്കിലും ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം തുടരുകയാണ്. 22 അംഗ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും 40 അംഗ സെക്രട്ടറി സ്ഥാനത്തേക്കും 117 പേരാണ് മല്‍സരിക്കാനുള്ളത്. ജില്ലാ പ്രസിഡന്റ് സ്ഥാനം എട്ടെണ്ണം എ ഗ്രൂപ്പിനും ആറെണ്ണം െഎ ഗ്രൂപ്പിനുമാണ്. ഇതില്‍ െഎ ഗ്രൂപ്പിന് ലഭിച്ച ആലപ്പുഴ,കാസര്‍കോട്, എറണാകുളം ജില്ലകളില്‍ തര്‍ക്കം തുടരുകയാണ്. ആലപ്പുഴയിലും കാസര്‍കോടും രമേശ് ചെന്നിത്തലയേയും കെ.സി വേണുഗോപാലിനേയും അനുകൂലിക്കുന്നവര്‍ തമ്മിലാണ് മല്‍സരം. മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് വോട്ടെടുപ്പ്.
അംഗങ്ങള്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ചൊവ്വാഴ്ച വോട്ടിടാം. സ്ഥാനാര്‍ഥിപട്ടികയും വോട്ട് ചെയ്യേണ്ട രീതിയും ദേശീയനേതൃത്വം പുറത്തിറക്കി. പുനസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം സര്‍ക്കാരിനെതിരായ സമരങ്ങളേയും ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.