വടാട്ടുപാറ പലവൻ പുഴയുടെ സമീപം കാട്ടിൽ കണ്ടെത്തിയ ആനക്കുട്ടിയെ ഇതുവരെ കാട്ടാനക്കൂട്ടം കൊണ്ടുപോയില്ല. വനത്തിൽ താൽക്കാലിക വേലി കെട്ടി പാർപ്പിച്ച കുട്ടിയാനയെ കാട്ടാനക്കൂട്ടം എത്തി വേലിക്കെട്ടു തകർത്തു കൂട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാൽ മേഖലയിൽ വിന്യസിച്ചിരുന്ന കാട്ടാനക്കൂട്ടം ഇന്നലെ പരിസരത്തേക്ക് അടുത്തില്ല. ഇതോടെ കുട്ടിയാനയെ കോടനാട്ടേക്കു മാറ്റാൻ നീക്കം.
ആനക്കയം ഫോറസ്റ്റ് ക്യാംപ് ഷെഡിനു സമീപത്തേക്കു മാറ്റിയ കുട്ടിയാന ഭക്ഷണം കഴിക്കുന്നുണ്ട് എങ്കിലും ക്ഷീണിതനാണ്. ലാക്‌ടോജൻ, കരിക്ക്, തണ്ണിമത്തൻ എന്നിവയാണ് ആഹാരം. കാട്ടിൽ പുഴയുടെ തീരത്തു മരക്കമ്പുകൾ കൊണ്ടു പ്രത്യേകം ബാരിക്കേഡ് തീർത്താണ് ആനക്കുട്ടിയെ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരുടെ പ്രവാഹം തടയുന്നതിനു വേണ്ടിയാണ് ഉൾക്കാട്ടിലെ ക്യാംപ് ഷെഡിനു സമീപത്തേക്കു കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോയത്.
പലവൻ പമ്പ് ഹൗസിനു സമീപം ശനിയാഴ്ച വൈകിട്ടാണ് 5 മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ ക്ഷീണിതനായി കണ്ടെത്തിയത്. അതിനു 2 ദിവസം മുൻപു നാട്ടുകാരിൽ ചിലർ ആനക്കുട്ടിയെ പുഴയോരത്തു കാട്ടിൽ കണ്ടെത്തിയിരുന്നു. കുട്ടിയാനയുടെ കൂടെ മറ്റ് ആനകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ മടങ്ങുകയായിരുന്നു.