bridge

പഴയപാലത്തിന്റ സ്ഥാനത്ത് പുതിയത്  സ്വപ്നം കണ്ടിരുന്ന തിരുവനന്തപുരം വെണ്ണിയൂരുകാര്‍ക്ക്  ഇപ്പോള്‍ മറുകര കടക്കാന്‍ വഴിയില്ലാതായി. പഴയ പാലം പൊളിക്കുകയും പുതിയതിന്റ പണി അഴിമതി ആരോപണത്തിന്റ പേരില്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതുമാണ് ഈ കാര്‍ഷികഗ്രാമത്തെ പ്രതിസന്ധിയിലാക്കിയത്. പന്ത്രണ്ട് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഉണ്ടായിരുന്ന ഇവിടേക്ക് ഒരു ബസുപോലും വരാറില്ല ഇപ്പോള്‍.  

 

ഒരുപാലമുണ്ടായിരുന്നെങ്കില്‍  ചിതലരിച്ച മരപ്പാലത്തിലൂടെ ഈ കുട്ടികള്‍ക്ക് അപകടയാത്ര ചെയ്യേണ്ടിവരില്ലായിരുന്നു. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പുതിയ പാലത്തിന്റെ പണി എങ്ങുമെത്താതെ കിടക്കുന്നു. പനങ്ങോട് മുതല്‍ അമരിവിള വരെയുള്ള രണ്ട് കിലോമീറ്റർ റോഡും വെണ്ണിയൂര്‍ പാലവും പണിയാന്‍ ഒരു കോടി 44 ലക്ഷം രൂപയാണ് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.  നിലവിലുള്ള പാലം പൊളിച്ച് പുതിയത് പണിയാനായിരുന്നു കരാര്‍. എന്നാല്‍ പഴയ പാലം നിലനിര്‍ത്തി  വീതികൂട്ടാനായിരുന്നു കരാറുകാരന്റ ശ്രമം. ഇതിനെ നാട്ടുകാര്‍ എതിര്‍ത്തു. കമ്പി, മെറ്റൽ, പാറപ്പൊടി, സിമന്റ് എന്നിവ കൃത്യമായി ഉപയോഗിച്ചല്ല നിര്‍മാണമെന്ന പരാതി കൂടി ഉയര്‍ന്നതോടെ പണി നിര്‍ത്തിവച്ചു. ഇതോടെ പഴയതുമില്ല പുതിയതുമില്ലാത്ത അവസ്ഥയായി. 

 

കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തി. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ചാല കമ്പോളത്തിലേക്ക് എത്തിക്കാനുള്ള വഴിയടഞ്ഞതോടെ കര്‍ഷകരുടെ ജീവിതവും  ദുരിതത്തിലായി. 

വെണ്ണിയൂര്‍ എന്ന കാര്‍ഷിക ഗ്രാമത്തെ അമ്പത് വര്‍ഷം പിറകോട്ട് കൊണ്ടുപോയി പണി പൂര്‍ത്തിയാകാത്ത പാലം. പുറം ലോകവുമായി ഇവര്‍ ബന്ധപ്പെടുന്നത് തന്നെ പൊളിഞ്ഞു വീഴാറായ ഈ മരപാലമുണ്ടായതുകൊണ്ടാണ്.