അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ അധ്യക്ഷനെ തിരഞ്ഞെടുത്ത് മരട് നഗരസഭ. യുഡിഎഫ് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് മോളി ജെയിംസിനെ അധ്യക്ഷയായി തിരഞ്ഞെടുത്തത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. നഗരസഭയ്ക്ക് പുറത്ത് കസേരകളി നടത്തി ഡിവൈഎഫ്ഐയും പ്രതിഷേധിച്ചു.
തദ്ദേശതിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭയില്‍ അഞ്ചാമത്തെ ചെയര്‍പേഴ്സണ് വേണ്ടി തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ ചെയര്‍പേഴ്സണായി എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ മോളി ജെയിംസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍ഡിഎഫ് പൂര്‍ണമായും വിട്ടുനിന്നു. മരട് നഗരസഭ കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്സണ്‍ പരിശീലന കേന്ദ്രമായി മാറിയെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് മാത്രമാണ് നഗരസഭയില്‍ നടക്കുന്നതെന്നും ആരോപിച്ച് എല്‍ഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി.
നഗരസഭയ്ക്ക് മുന്‍പില്‍ കസേരകളി സംഘടിപ്പിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം മരട് നഗരസഭയിലെ 33 അംഗ കൗണ്‍സിലില്‍ 15 വീതം കൗണ്‍സിലര്‍മാരാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. 2 സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്