സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിക്ക് കൊറോണ ലക്ഷണങ്ങൾ സംശയിക്കുകയും സംഭവം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്ത ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കിയതായി പരാതി. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടർ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്. വിദേശത്ത് നിന്നും പനിയുമായി എത്തിയ രോഗിക്കാണ് കൊറോണയുണ്ടെന്ന സംശയം ഡോക്ടർ ഉന്നയിച്ചത്. ഇതിനെക്കുറിച്ച് ഇവർ ഫെയ്സ്ബുക്കിൽ കുറിപ്പും ഇട്ടിരുന്നു. ക്ലിനിക്കിൽ രോഗികൾ വരുമോയെന്ന ഭയത്തെ തുടർന്നാണ് ഉടമ പുറത്താക്കിയതെന്ന് ഡോക്ടർ ആരോപിക്കുന്നു. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ:
സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. നിങ്ങൾളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.
ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?
ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.