തമിഴ്നാടിന്റെ അതിർത്തി അടച്ചുള്ള പരിശോധനയില്‍ വാളയാറിൽ ഉൾപ്പെടെ വൻഗതാഗതക്കുരുക്ക്. യാത്രാവാഹനങ്ങള്‍ക്ക് പിന്നാലെ ചരക്കുലോറികളെയും അതിർത്തിയിൽ തടയുകയാണ്. കേരളത്തിൽ നിന്നുളള അത്യാവശ്യം വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളു. കാൽനടയാത്രക്കാർക്കും നിയന്ത്രണമായി.
ഇന്നലെ രാത്രി മുതൽ ഇന്ന് പകൽ പതിനൊന്നു വരെ ഒരു ചരക്കുലോറി പോലും കേരളത്തിൽ നിന്ന് വാളയാര്‍ വഴി തമിഴ്നാട്ടിലേക്ക് കടത്തിവിട്ടില്ല. മൂന്നു കിലോമീറ്റർ വരെ വാഹനങ്ങളുടെ നിരയായതോടെ പിന്നീട് അത്യാവശ്യം വാഹനങ്ങളെ അതിർത്തി കടത്തി. മറ്റുള്ളവ കേരളത്തിലേക്ക് തിരിച്ചയച്ചു. പാൽ, പച്ചക്കറി, പാചകവാതകം, ഇന്ധനം, തുടങ്ങി അവശ്യവസ്തുക്കള്‍ കയറ്റിയ വാഹനങ്ങൾ കടത്തിവിടുമെന്നാണ് തമിഴ്നാട് പറയുന്നത്. പക്ഷേ കോയമ്പത്തൂര്‍ ചന്തയില്‍ നിന്ന് കേരളത്തിലുളളവരെ പച്ചക്കറിയെടുക്കാന്‍പോലും അനുവദിക്കുന്നില്ലെന്നാണ് പരാതി.
ചരക്ക് ഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്ന കേരള മുഖ്യമന്ത്രിയുടയും ചീഫ് സെക്രട്ടറിയുടെയും വാക്കുകൾ കേട്ടാണ് കേരളത്തില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് എത്തുന്നത്. അതിർത്തിയിലെത്തിയതിനു ശേഷം എങ്ങനെയും തമിഴ്നാട്ടിലേക്ക് കടക്കാമെന്ന് കരുതി കാൽനടയായി എത്തുന്നവരെയും വാളായര്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ട്.
വല്ലാര്‍പാടത്തു നിന്നുളള കണ്ടെയ്നറുകളും വാളയാറില്‍ കുടുങ്ങി. എല്ലാ തമിഴ്നാട് ചെക്പോസ്റ്റുകളിലും പഴുതടച്ചുളള പരിശോധനയാണ്. ആശുപത്രി ആവശ്യമുള്ളവർ, മരണം തുടങ്ങി ഒഴിക്കാനാക്കാത്തവരെ മാത്രമാണ് തമിഴ്നാട്ടിലേക്ക് വിടുക. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാളയാറിൽ തടസമില്ല.