shafi-fb-post-suhail

‘കഴുത്തിൽ 12 സെന്റിമീറ്റർ ആഴത്തിലാണ് മുറിവ്, തോളെല്ല് തകർന്നു. കോവിഡ് കാലത്ത് രാഷ്ട്രീയം പറയരുത് ജീവനാണ് പ്രധാനം എന്ന് പറയുന്നവർ സമ്മാനിച്ചതാണ് ഇത്.’ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ വാക്കുകളാണ്. സമ്മാനം ഉടൻ വരും എന്ന ഭീഷണിക്ക് പിന്നാലെയാണ് യുവാവിനെ ആക്രമിച്ചതെന്ന് ഷാഫി തുറന്നടിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിനുമുന്നിൽ അദ്ദേഹം കുത്തിയിരുന്ന് മൗന പ്രതിഷേധം നടത്തി. സംസ്ഥാനമാകെ പ്രതിഷേധവും സംഘടന നടത്തി.

സംഭവത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി അക്രമികൾക്കെപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനാണ് വെട്ടേറ്റത്. മങ്ങാരം ജംക്‌ഷന് സമീപം ഇന്നലെ രാത്രി പത്തരയോടെയാണ് അക്രമം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒരു സംഘം ഡിവൈഎഫ്െഎ പ്രവർത്തകരാണ് വധശ്രമത്തിന് പിന്നിലെന്ന് കോൺഗ്രസ്‌ ആരോപിച്ചു. സുഹൈലിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ്‌ ഇഖ്ബാൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്െഎ പ്രവർത്തകർ സുഹൈലിനെതിരെ നേരത്തെ കൊലവിളി നടത്തിയിരുന്നതായും കോൺഗ്രസ്‌ ആരോപിച്ചു.