മലപ്പുറത്തു നിന്ന് ഡല്‍ഹിയിലേക്ക് കടത്തിക്കൊണ്ടുപോയ 108 ആംബുലന്‍സ് തടഞ്ഞു വച്ചതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. പിരിച്ചുവിടലടക്കമുളള പ്രതികാര നടപടിയുണ്ടായാല്‍ ആംബുലന്‍സ് സേവനം നിര്‍ത്തിവക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഡ്രൈവര്‍മാരുടെ സംഘടന എത്തി. കോവിഡ് പ്രതിരോധ സേവനങ്ങളില്‍ 108 ആംബുലന്‍സുകളുടെ പങ്ക് പ്രധാനമാണ്.
കോവിഡ് പ്രതിരോധങ്ങള്‍ക്കിടെ മഞ്ചേരി മെഡിക്കല്‍ കോളജിലെ കരുതല്‍ ആംബുലന്‍സ് ഡല്‍ഹിയിലേക്ക് കൊണ്ടുപോകുബോഴാണ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്. മറ്റ് ആംബുലന്‍സുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ സമയം നഷ്ട്ടപ്പെടുത്താതെ പകരം ഉപയോഗിക്കുന്നതിനാണ് കരുതല്‍ ആംബുലന്‍സ് പ്രയോജനപ്പെടുത്തുക. ഇരുപതോളം ഡ്രൈവര്‍മാരും നഴ്സിങ് ജീവനക്കാരും ചേര്‍ന്നാണ് തടഞ്ഞത്. നേതൃത്വം നല്‍കിയവര്‍ക്കെതിരെ 108 ആംബുലന്‍സുകളുടെ സര്‍വീസ് നടത്തുന്ന ജി.വി.കെ.ഇ.എം.ആര്‍.ഐ കമ്പനി പരാതി നല്‍കിയതോടെ കേസെടുത്തു. കേസിന്റെ പേരില്‍ പിരിച്ചു വിട്ടാല്‍ സമരം ആരംഭിക്കുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്.
ആംബുലന്‍സ് തടഞ്ഞുവച്ച് ടയറില്‍ ആണി തറച്ചുവെന്നാണ് കമ്പനിയുടെ പരാതി. പ്രതിഷേധങ്ങള്‍ക്കിടെ കേരളത്തില്‍ നിന്ന് 15 ആംബുലന്‍സുകള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.