മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയില്‍ ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് സിനിമ സ്റ്റൈലില്‍ കീഴടക്കി. കണ്ണവം സ്വദേശി ദീപുമോനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടും മുമ്പ് ഒരു കാറിലും, പൊലീസ് ജീപ്പിലും ലോറി ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു.
സിനിമ സ്റ്റൈല്‍ ചേയ്സിങിനൊടുവിലാണ് അപകടമുണ്ടാക്കി അമിതവേഗത്തില്‍ പാഞ്ഞ നാഷണല്‍ പെര്‍മിറ്റ് ലോറി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ലോറിയുമായി വരുന്നത് കൂത്തുപറമ്പ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനവുമായി സ്റ്റേഷനിലെത്താന്‍ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍ ദീപുവിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ദീപു പൊലീസിന്റെ കണ്ണുവെട്ടിച്ച് ലോറിയുമായി തൊക്കിലങ്ങാടി ഭാഗത്തേക്ക് കുതിച്ചു. തൊക്കിലങ്ങാടിയില്‍ വച്ച് റോഡിന് കുറുകെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഇടിച്ച് തകർത്തു. പാതയോരത്ത് നിര്‍ത്തിയിരുന്ന ഒരു കാറിലും ഇടിച്ചശേഷം ദീപു വാഹനവുമായി യാത്ര തുടര്‍ന്നു. കൂത്തുപറമ്പ് പൊലീസ് ലോറിയുടെ പിന്നാലെ കുതിച്ചു.
ചിറ്റാരിപറമ്പിലും കണ്ണവത്തും പോലീസ് ബാരിക്കേഡുകൾ തകര്‍ത്ത് വാഹനം മുന്നോട്ട്. ഇതിനിടെ സമീപത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേയ്ക്കും സന്ദേശം കൈമാറിയിരുന്നു. കണ്ണവം പൊലീസ് റോഡിന് കുറുകെ വാഹനം നിര്‍ത്തിയെങ്കിലും ജീപ്പ് ഇടിച്ച് മാറ്റി ലോറി മുന്നോട്ട് പോയി. ഒടുവില്‍ നിടുംമ്പോയിലില്‍ വച്ചാണ് പൊലീസ് ലോറി പിടികൂടി. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. മദ്യപിച്ചിരുന്നതിനാലാണ് വാഹനം നിര്‍ത്താതിരുന്നതെന്നാണ് ദീപു പൊലീസിനോട് പറഞ്ഞത്