snake-kerala

മഴക്കാലമായതോടെ കേരളത്തില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അറുപതിലധികം പേരാണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ മാത്രം പാമ്പുകടിയേറ്റ് ചികില്‍സ തേടിയത്. 

 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍വര്‍ധനയാണ് പാമ്പുകടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മഴക്കാല പൂര്‍വ ശുചീകരണവും കാടുവെട്ടിത്തെളിക്കലും കൃത്യമായി നടക്കാത്തതാണ് അവസ്ഥ ഇത്ര ഭീകരമാകാന്‍ കാരണം. എറണാകുളം ജില്ലയില്‍ പറവൂര്‍, മലയാറ്റൂര്‍, ചാലക്കുടി, അങ്കമാലി മേഖലകളിലാണ് പാമ്പുകടിയേറ്റുള്ള കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

മഴക്കാലത്ത് പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയുന്നതോടെ ഇവ പുറത്തിറങ്ങാനുള്ള സാധ്യത വര്‍ധിക്കുകയാണ്. പാമ്പിന്‍ കടിയേറ്റാല്‍ 

ആശുപത്രിയിലെത്തിക്കാന്‍ വൈകുംതോറും അപകടസാധ്യത വര്‍ധിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു

 

കേരളത്തില്‍ പ്രധാനമായും മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, രക്ത അണലി എന്നീ പാമ്പുകളുടെ കടിയേറ്റാണ് ആളുകള്‍ ചികില്‍സ തേടിയെത്തുന്നത്. ഒരേ ഇനം പാമ്പുകളാണെങ്കിലും ആവാസ വ്യവസ്ഥയിലെ വ്യത്യാസങ്ങള്‍ അനുസരിച്ച് വിഷത്തിന്റെ തീവ്രതയിലും മാറ്റമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു