karunya

കാരുണ്യ ബനവലന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികിൽസ സഹായം രണ്ടു ദിവസം കൂടി (31 വരെ) മാത്രം. ഹീമോഫീലിയ, ഡയാലിസിസ് രോഗികളുൾപ്പെടെ 35000 ലേറെപ്പേർക്ക് ചികിത്സ മുടങ്ങും.  അടുത്ത മാർച്ച് 31 വരെ സഹായം നല്കാൻ ആരോഗ്യ വകുപ്പ് ഉത്തരവുണ്ടെങ്കിലും വ്യക്തത വരുത്താൻ ലോട്ടറി വകുപ്പ് തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. മേയ് 31 വരെയേ കാലാവധിയുള്ളുവെന്ന നികുതി വകുപ്പ് നിർദേശത്തോടെ പല ആശുപത്രികളും ചികിൽസാ സഹായം നിർത്തലാക്കിത്തുടങ്ങി. 

വൃക്കരോഗിയായ  മകൻ വിഘ്നേഷിനുവേണ്ടി അമ്മ എഴുതിയ കത്താണ് .  കാരുണ്യ ബനവലന്റ് ഫണ്ട് വഴി തുടർ ചികിത്സാ സഹായം നൽകണമെന്നാണ് അപേക്ഷ. അർബുദ രോഗികൾ,  ഹീമോഫീലിയ രോഗികൾ, അവയവമാറ്റം ചെയ്തവർ തുടങ്ങി മുപ്പത്തി അയ്യായിരത്തോളം പേർ  സർക്കാരിൻറെ കനിവിനായി കാത്തിരിക്കുന്നു.

കെ ബി എഫിൽ ഇനി ധനസഹായ അപേക്ഷകൾ സ്വീകരിക്കില്ലെന്നും ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാമെന്നും അഡ്മിനിസ്ട്രേറ്റർ നികുതി വകുപ്പിന്  റിപ്പോർട്ട് നൽകി.  പദ്ധതി ആരോഗ്യവകുപ്പിന് കീഴിലേയ്ക്ക് മാറ്റിയപ്പോൾ ആർക്കൊക്കെ ധനസഹായം നൽകണമെന്നത് സംബന്ധിച്ച ഉത്തരവിൽ വ്യക്തത ഇല്ലാത്തതാണ് പ്രശ്നം.  ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പദ്ധതി 20 21 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. എന്നാൽ നികുതി വകുപ്പ് ഉത്തരവ് പ്രകാരം മേയ് 31ന് ശേഷം ധനസഹായം ഇല്ല ഇതിൽ ഏതു ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കാൻ വിവിധ ആശുപത്രികളിലെ സൂപ്രണ്ടു മാർ നിരവധി തവണ ആവശ്യപ്പെട്ടു. 

കാരുണ്യ അഡ്മിനിസ്ട്രേറ്റർ ഒരാഴ്ചമുമ്പ് ആവശ്യമുന്നയിച്ചിട്ടും സർക്കാർ അനങ്ങിയില്ല. ഇതേതുടർന്നാണ്  പദ്ധതി 31 ന്  അവസാനിപ്പിക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ നികുതി വകുപ്പിന് റിപ്പോർട്ട് നൽകിയത്. കാരുണ്യ പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായതോടെ പല ആശുപത്രികളും ചികിത്സാസഹായം നിർത്തിവെച്ചിരിക്കുന്ന സാഹചര്യമാണുള്ളത്.