sheeba-05

ക്രൂരമായി കൊല്ലപ്പെടുന്നതിന് മുമ്പ് ഷീബ , ബിലാലിന് ചായ നൽകിയിരുന്നതായി അന്വേഷണ സംഘം. ബിലാലിന് കൂടിയുള്ള ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ അടുക്കളയിൽ നടത്തിയതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ഷീബ നൽകിയ ചായയും വാങ്ങിക്കുടിച്ച ശേഷമാണ് പ്രതി സാലിയെ ആക്രമിച്ചത്. നാടിനെ നടുക്കിയ കൊലപാതകത്തിൽ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. 

പ്രതി വീടിന്റെ മുൻവാതിലിലൂടെയാണ് കയറിയതെന്ന് പൊലീസ് ഉറപ്പിച്ചു. ഷാനി മൻസിലിൽ ഷീബയും സാലിയും മാത്രമാണ് താമസം. വീട്ടിൽ പുറത്ത് നിന്ന് ആരെത്തിയാലും നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇവർ വാതിൽ തുറക്കുകയുള്ളായിരുന്നു. ഇതോടെയാണ് പരിചയക്കാരനാണ് പ്രതിയെന്ന് പൊലീസ് ഉറപ്പാക്കിയത്. വിശദമായ പരിശോധനയിൽ ആഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടു.  കൃത്യത്തിന് ശേഷം ഫോൺ ഓഫാക്കിയ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.

ബിലാലും സാലിയുമായി തർക്കമുണ്ടായതായും ഇതേ തുടർന്ന് ഹാളിലെ ടീപോയ് തകർത്ത് അതിന്റെ കഷണം കൊണ്ടു സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്നു ഷീബയെയും ആക്രമിച്ചു. മരണം ഉറപ്പാക്കാൻ ഭാര്യയുടെയും ഭർത്താവിന്റെയും ഉടലിൽ കമ്പി ചുറ്റിക്കെട്ടി വൈദ്യുതാഘാതം ഏൽപിക്കാൻ ശ്രമിച്ചു. ഇലക്ട്രിക്കൽ പണി അറിയാവുന്നയാളാണു പ്രതിയെന്നു ഇതോടെ സംശയം ബലപ്പെട്ടു.

സംഭവത്തിന് തലേ രാത്രിയിൽ കാണാതായ തന്റെ മകനെ സംശയമുണ്ടെന്ന് പിതാവ് പൊലീസിനോട് വെളിപ്പെടുത്തിയതോടെ ഇടപ്പള്ളിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സാഹചര്യത്തെളിവുകളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ 72 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വിദേശത്തായിരുന്ന സാലിയുടെയും ഷീബയുടെയും ഏകമകളെ എംബസി വഴി ഇടപെട്ട് നാട്ടിലെത്തിച്ചിട്ടുണ്ട്.