കനത്ത മഴയെ തുടർന്ന് മലപ്പുറം നാടുകാണി ചുരത്തിൽ നേരിയ ഉരുൾപൊട്ടൽ. പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും വന്നടിഞ്ഞ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 25 മീറ്റർ നീളത്തിൽ റോഡ് തകർന്നിട്ടുമുണ്ട്.
മണിക്കൂറോളം നീണ്ട കനത്ത മഴയ്ക്കിടയിൽ ഇന്ന് പുലർച്ചയോടെയാണ് ചുരംപാതയിലെ സംസ്ഥാന അതിർത്തിയിൽ നേരിയ ഉരുൾപൊട്ടലുണ്ടായത്. ചെങ്കുത്തായ വനത്തിൽനിന്ന് വലിയ മരങ്ങളും പാറക്കൂട്ടങ്ങളും റോഡിലേക്ക് പതിച്ചു.അടുത്തിടെ പുനർനിർമാണം നടത്തിയ റോഡും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. 25 മീറ്റർ നീളത്തിലാണ് റോഡ് തകർന്നത്.അര മീറ്റർ താഴ്ചയിൽ കിടങ്ങും രൂപപ്പെട്ടു.പ്രദേശത്ത് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുമുണ്ടായി.
റോഡരികിലുള്ള വൻമരങ്ങൾ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ലോക് ഡൗൺ നിയന്ത്രണത്തെ തുടർന്ന് ഇപ്പോൾ ചരക്ക് വാഹനങ്ങൾ മാത്രമാണ് ചുരം പാതയിലുള്ളത്.