airport1

കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ചശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏറ്റവും അധികം യാത്രക്കാര്‍ എത്തിയ ദിവസമായിരുന്നു ബുധനാഴ്ച. 21 വിമാനങ്ങളിലായി നാലായിരത്തിലധികം യാത്രക്കാരാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദിവസം ഇത്രയധികം യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനിലിലേക്ക് എത്തുന്നത്. അര്‍ധരാത്രി 12.25ന് അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വന്ദേഭാരത് വിമാനത്തിലൂടെ തുടങ്ങിയ യാത്രക്കാരുടെ ഒഴുക്ക് പതിനൊന്നു മണിയുടെ ഫ്ളൈ ദുബായ് വിമാനമെത്തുന്നത് വരെ തുടര്‍ന്നു. ആകെ എത്തിയത് 4060 യാത്രക്കാര്‍. 331 പേരുമായി വന്ന കുവൈത്ത് എയര്‍ വിമാനത്തിലാണ് ഏറ്റവും അധികം യാത്രക്കാരെത്തിയത്. ഇതില്‍ 160 പേര്‍ കുവൈത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളാണ്. ഗള്‍ഫിനു ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രവാസികളും ബുധനാഴ്ച കൊച്ചിയിലിറങ്ങി. എന്‍ 95 മാസ്കും ഗ്ലൗസും പിപിഇ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് ഭൂരിഭാഗം യാത്രക്കാരും വിമാനമിറങ്ങിയത്. ദോഹയില്‍ നിന്നും മസ്കത്തില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ വിമാനങ്ങള്‍ക്കൂടി സര്‍വീസ് നടത്തിയിരുന്നുവെങ്കില്‍ ബുധനാഴ്ച എത്തിയ യാത്രക്കാരുടെ എണ്ണം വിണ്ടും വര്‍ധിക്കുമായിരുന്നു.

22 ആഭ്യന്തര സര്‍വീസുകളിലായി 605 യാത്രക്കാരും ഇന്നലെ കൊച്ചിയിലെത്തി. ഇന്ന് 21 വിമാനങ്ങളിലായി 3420 രാജ്യാന്തര യാത്രക്കാര്‍ കൊച്ചിയിലെത്തും. ഗള്‍ഫിനു പുറമേ ഏത്യോപ്യ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും ഇന്നെത്തും.