adoor

കോവിഡ് പ്രതിരോധത്തിനു എം.പി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിട്ടും ചെലവാക്കുന്നില്ലെന്ന ആരോപണവുമായി അടൂര്‍ പ്രകാശ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ആശുപത്രികളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ജനങ്ങള്‍ക്ക് കിട്ടേണ്ട സൗകര്യം ഇല്ലാതാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ അടൂര്‍പ്രകാശ് ആരോപിച്ചു 

ഐ.സി.യു വെന്‍റിലേറ്റര്‍, ഐ.സി.യു ബെഡ്,മള്‍ട്ടിപാരാ മോണിറ്റര്‍ സിസ്റ്റം തുടങ്ങിയവ വാങ്ങാനായി മാര്‍ച്ച് മാസത്തില്‍ അനുവദിച്ച തുക ജൂലൈ മാസമായിട്ടും ചിലവഴിച്ചില്ലെന്നാണ് അടൂര്‍ പ്രകാശിന്‍റെ ആരോപണം. വര്‍ക്കല,ചിറയിന്‍കീഴ്,നെടുമങ്ങാട്,കാട്ടാക്കട എന്നീ താലൂക്കിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉകരണങ്ങള്‍ വാങ്ങാനാണ് തുക അനുവദിച്ചത്. പണം അനുവദിച്ചത് ചൂണ്ടികാട്ടി കലക്ടര്‍ക്ക് കത്തും നല്‍കി. കോവിഡ് 19 രൂക്ഷമായിട്ടും ഈ ഉപകരണങ്ങള്‍ വാങ്ങുന്നതിനു നടപടിയുണ്ടായില്ലെന്നാണ് ആരോപണം

പണം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍  സമരം ചെയ്യേണ്ടി വരുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു