അങ്ങ് അമേരിക്കയിൽ പ്രിയപ്പെട്ടവരാരും അടുത്തില്ലാതെ അവസാനയാത്രക്കൊരുങ്ങുകയാണ് മെറിൻ. ഇവിടെ ജൻമാട്ടിൽ ഒരു കടലിരമ്പുന്നുണ്ട്. നെഞ്ചുപൊട്ടി തേങ്ങുന്ന ഉറ്റവരുടെ സങ്കടക്കടൽ. വലിച്ചു കെട്ടിയ സ്‌ക്രീനില്‍ മെറിന്റെ ഭൗതിക ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഇവിടെ കേരളത്തിലിരുന്ന് കാണുന്നുണ്ട് കുടുംബാംഗങ്ങൾ, അപ്പോഴും മെറിന്റെ മകൾ രണ്ടു വയസുകാരി നോറ ഒന്നുമറിയാതെ, നിഷ്ടകളങ്കയായി കൊഞ്ചിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ തവണ അവധിക്കെത്തിയ ശേഷം തിരിച്ചു പോകുമ്പോള്‍ മെറിന്‍ മകളെ വീട്ടിലാക്കിയിരുന്നു.
മാതാപിതാക്കളായ ജോയിയും മേഴ്‌സിയും അലമുറയിട്ട് കരയുകയായിരുന്നു ദൃശ്യങ്ങൾ കണ്ടപ്പോൾ. ''ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്. ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും...'' മേഴ്‌സി പറയുന്നു.
മെറിന്റെ ഭൗതിക ദേഹം കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ചടങ്ങില്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും മെറിന് കണ്ണീരോടെ യാത്രാമൊഴിയേകി. ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ക്‌നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു.
മൃതദേഹം നാളെ റ്റാംപയിലെ സേക്ര!ഡ് ഹാര്‍!ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്
അതേസമയം മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കള്‍ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.