milma

കുട്ടികള്‍ക്കായി ശുദ്ധമായ പശുവിന്‍ പാല്‍ വിപണിയിലെത്തിച്ച് മില്‍മ. മലബാര്‍ യൂണിയനാണ് ആദ്യഘട്ടമായി മൂന്ന് ജില്ലകളിലെ കടകളില്‍ പാലെത്തിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ്.  

ശുദ്ധമായ പശുവിന്‍ പാല്‍ വിപണിയില്‍. അങ്ങനെയെങ്കില്‍ ഇതുവരെ മില്‍മയിലൂടെ ലഭിച്ച പാലിന് എന്തെങ്കിലും കുറവുണ്ടായിരുന്നോ എന്ന സംശയമായിരിക്കും പലര്‍ക്കും. ഇതിന് മില്‍മയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ക്ഷീരകര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പാല്‍ അണുനശീകരണം മാത്രം നടത്തി വിപണിയിലെത്തിക്കുന്നു. കൊഴുപ്പ് കൂട്ടാനോ കുറയ്ക്കാനോ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. കുട്ടികള്‍ക്ക് കൂടുതല്‍ രുചികരമായി തോന്നും. സ്വാഭാവിക കൊഴുപ്പ് നിലനിര്‍ത്തുന്നതിനാല്‍ ഗുണത്തിലും കുറവുണ്ടാകില്ല. വര്‍ഷങ്ങളായി നിരവധിയാളുകള്‍ ആവശ്യപ്പെടുന്ന പാല്‍ വിതരണത്തിനാണ് അടുത്തദിവസം തുടക്കമാകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ പാലിന് ആവശ്യക്കാരേറെയാണ്. 

ആദ്യഘട്ടത്തില്‍ മില്‍മ മലബാര്‍ യൂണിയന് കീഴിലുള്ള വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിപണിയിലാണ് പാല്‍ ലഭിക്കുക. വില്‍പനയുടെ തോത് കണക്കിലെടുത്ത് കൂടുതല്‍ ജില്ലകളിലേക്കും ശുദ്ധമായ പശുവിന്‍ പാല്‍ ലഭ്യത ഉറപ്പാക്കും.