കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഇപ്പോൾ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് ചട്ടങ്ങളുടെ ലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കേരള ബാങ്ക് ഭരണസമിതി തിരെഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. ഇത്തരം ഒരു സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് തീവ്രവ്യപനത്തിന് വഴി വച്ചേക്കാം എന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് അടുത്ത വർഷം മാർച്ച് 31 വരെ സർക്കാർ സമയം തേടിയതും കോടതി കണക്കിലെടുത്തു. അടുത്ത മാസം 25നാണ് സംസ്ഥാന ഭരണസമിതി തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. അതിന് മുൻപ് പ്രാഥമിക സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികളെ നിശ്ചയിക്കുന്നതിനും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്കുമായി ഓരോ സൊസൈറ്റികളിലെയും അംഗങ്ങൾ സമ്മേളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ആളുകൾ കൂടുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകാം.
പള്ളിക്കാട് സർവീസ് സഹകരണ ബാങ്കിന്റെയും കുറുവട്ടൂർ സഹകരണ ബാങ്കിന്റെയും പ്രസിഡണ്ടുമാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. മലപ്പുറം ജില്ലാ ബാങ്ക് ലയനം പൂർത്തിയാകാതെ ആണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു എന്നും ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് ഒഴിവാക്കണം എന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല.