asha

തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യാകുറിപ്പില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശം. ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് സി. ആശയുടെ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സി.പി.എം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

സി.പി.എം പ്രവര്‍ത്തകയും ചെങ്കല്‍ പഞ്ചായത്തിലെ  ആശ വര്‍ക്കറുമായ സി.ആശയെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും ഈ മുറിക്കുള്ളില്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് കണ്ടത്. 

ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്‍, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്നും പാര്‍ട്ടിയില്‍ പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കത്തിലുള്ളത്. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും . പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് നേതാക്കളറിയിച്ചതും ആത്മഹത്യക്ക് കാരണമായെന്ന് ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴര മുതല്‍ ആശയെ കാണാതിയിരുന്നു. എന്നാല്‍ പൊലീസ് പ്രതികരിച്ചില്ല. സി.പി.എം നേതാക്കള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു.