archana-letter

വിവാഹവാഗ്ദാനത്തിൽ നിന്ന് വരൻ പിന്മാറിയതോടെ മകൾ ആത്മഹത്യ ചെയ്തെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കുടുംബം. ആറാട്ടുപുഴയിലാണ് അർച്ചന എന്ന പെൺകുട്ടി ജീവനൊടുക്കിയത്. ഇപ്പോഴിതാ അർച്ചനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നിരിക്കുകയാണ്. ബി.എസ്.സി അവസാന വർഷ വിദ്യാർഥിനിയാണ് അർച്ചന. മരിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ല' എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. സഹോദരിയോട് നന്നായി പഠിക്കണമെന്നും ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അർച്ചന പറയുന്നു. കാമുകന്റെ പേരെടുത്ത് പറഞ്ഞാണ് കുറിപ്പിലെ ബാക്കിയുള്ള വരികൾ.

'എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവർക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണൻ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു'. അർച്ചനയുടെ വരികൾ ഇതാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന വീട്ടിലെ കിടപ്പു മുറിയിൽ ആത്മഹത്യ ചെയ്തത്. കാമുകനും സഹപാഠിയുമായിരുന്ന കണ്ടല്ലൂർ സ്വദേശിയാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പഠനം പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് അർച്ചനയുടെ വീട്ടുകാർ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെയാണ് യുവാവ് വിവാഹത്തിൽ നിന്നും പിൻമാറിയതെന്നും കുടുംബം പറയുന്നു.