കരടി ഒന്നല്ല, രണ്ടെണ്ണം ഉണ്ടെന്ന് ദൃക്സാക്ഷികൾ. കഴിഞ്ഞ രാത്രി അടുതല കൂരാപ്പള്ളിയിലാണ് രണ്ടു കരടികളെ നാട്ടുകാർ കണ്ടത്. ഇതോടെ കല്ലുവാതുക്കൽ, ചാത്തന്നൂർ മേഖല വീണ്ടും ഭീതിയിലായി. കല്ലുവാതുക്കൽ പഞ്ചായത്തിലെ അടുതല കൂരാപ്പള്ളിയിൽ തിങ്കൾ രാത്രി പതിനൊന്നോടെയാണ് രണ്ടു കരടികളെ കണ്ടത്. നായയുടെ കുര കേട്ട് പുറത്തിറങ്ങി നോക്കിയ കുടുംബമാണ് റോഡിൽ കരടികളെ കണ്ടത്.
ഇവിടെ തെരുവുവിളക്ക് ഉള്ളതിനാൽ കരടികളെ വ്യക്തമായി കാണാനായി. ആളുകളെ കണ്ടതോടെ കരടികൾ റബർ തോട്ടത്തിൽ മറഞ്ഞു. 200 മീറ്ററോളം കഴിഞ്ഞാൽ പൊന്തക്കാടുകൾ നിറഞ്ഞ വയലാണ്. പാരിപ്പള്ളി പൊലീസും വനപാലകരും എത്തി പരിശോധന നടത്തി. കരടികൾ സഞ്ചരിച്ച ഭാഗങ്ങളിൽ കാൽപാടുകൾ ഉണ്ട്. രണ്ടു ദിവസം മുൻപ് ജില്ലാ അതിർത്തിക്ക് അപ്പുറം നാവായിക്കുളം പഞ്ചായത്തിലെ മടന്തപ്പച്ചയിൽ കരടിയെ കണ്ടിരുന്നു. ഇവിടെ വനപാലകർ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് കരടി വീണ്ടും കല്ലുവാതുക്കൽ മേഖലയിലേക്ക് മടങ്ങിയത്.
ഈ മാസം എട്ടിനു പുലർച്ചെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘമാണ് ശീമാട്ടി, ജെഎസ്എം ഭാഗങ്ങളിൽ കരടിയെ ആദ്യം കാണുന്നത്. അടുത്ത ദിവസം രാത്രി വിളപ്പുറം, കൊച്ചാലുംമൂട്, എസ്എൻ കോളജ് എന്നീ ഭാഗങ്ങളിൽ കരടിയെ കണ്ടു. പിന്നീട് സ്പിന്നിങ് മിൽ വളപ്പിലും അടുത്ത ദിവസം കല്ലുവാതുക്കൽ പുലിക്കുഴി, കാവടിക്കോണം, ജില്ലാ അതിർത്തിയായ കിഴക്കനേല എന്നിവിടങ്ങളിലും കരടിയെ കണ്ടു.
കരടിയുടെ സഞ്ചാരപഥം തയാറാക്കി അരിപ്പ മേഖലയിലെ വനത്തിലേക്ക് മടങ്ങുന്നതായി വനംവകുപ്പ് വിലയിരുത്തിയിരുന്നു. കുറച്ചു ദിവസം കരടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ വെള്ളി രാത്രി നാവായിക്കുളം പഞ്ചായത്ത് മേഖലയിൽ കരടിയെ നാട്ടുകാർ കണ്ടത്. കരടിയെ കെണിയിലാക്കാൻ ചാത്തന്നൂർ സ്പിന്നിങ് മിൽ വളപ്പിൽ വനം വകുപ്പ് കൂടു സ്ഥാപിച്ചിട്ടുണ്ട്.
വളർത്തു നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് വീടിനു പുറത്തിറങ്ങിയത്. റോഡിൽ ഇറങ്ങിയപ്പോൾ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വ്യക്തമായി കരടികളെ കണ്ടു. ഒപ്പമുണ്ടായിരുന്ന അമ്മയും എൻജിനീയറിങ് വിദ്യാർഥിയായ മകനും കരടികളെ കണ്ടു. മൂന്നടിയോളം ഉയരമുണ്ട്. മകൻ കരടിയെന്നു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അവ റോഡിന് അരികിലൂടെ റബർ തോട്ടത്തിലേക്കു കയറി.
ടോർച്ച് അടിച്ചപ്പോൾ തിരിഞ്ഞു നോക്കി. വെളിച്ചത്തിൽ കണ്ണുകൾ തിളങ്ങി. കരടിയെ പിന്തുടർന്ന് റബർ തോട്ടത്തിന് അരികിൽ വരെ എത്തിയെങ്കിലും ആക്രമിക്കാൻ ശ്രമം ഉണ്ടായില്ല. ഫോൺ എടുക്കാതിരുന്നതിനാൽ ദൃശ്യം പകർത്താനായില്ല.’കൂരാപ്പള്ളി വെൺമലോട്ട് ലാലു പറഞ്ഞു.