കോഴിക്കുഞ്ഞുങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ ഫാമുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയില്‍ കാസര്‍കോട്ടെ ഇറച്ചിക്കോഴി കര്‍ഷകര്‍. 25 രൂപയ്ക്ക് ലഭിച്ചിരുന്ന കുഞ്ഞൊന്നിന് 58 രൂപ വരെയാണ് വന്‍കിട ഉല്‍പ്പാദകര്‍ വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ഹാച്ചറികള്‍ വ്യാപകമാക്കി ചെറുകിടക്കാരെ സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വിലയാണ് 58 രൂപ. നേരത്തെ നല്‍കേണ്ടി വന്നതിന്റെ ഇരട്ടി തുക. ഒന്നരമാസത്തോളം പരിപാലിച്ച് സ്റ്റാളുകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചാല്‍ ലഭിക്കുന്നത് 90 രൂപയില്‍ താഴെ മാത്രം. ബാക്കിയുള്ള തുകയ്ക്ക് തീറ്റയും അനുബന്ധ ചെലവുകളും കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് കര്ഷകന് ലഭിക്കുന്നത്. കോഴി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയ നാടന്‍ ഫാം ഉടമകള്‍ക്കാണ് പിടിച്ചുനില്ക്കാന് പോലും കഴിയാത്തത്.
നേരത്തെ തമിഴ്നാട്ടിലെ ലോബിയാണ് കോഴിക്കുഞ്ഞുങ്ങളുടെയും കോഴിയിറച്ചിയുടെയും വില നിശ്ചയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെ ലോബികള്‍ ഉണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം. കോഴി വളര്‍ത്തലിനൊപ്പം വില്‍പ്പന കേന്ദ്രം കൂടി നടത്തുന്നവര്‍ക്ക് മാത്രമാണ് പ്രതിസന്ധിക്കിടയിലും പിടിച്ചുനില്ക്കാന് സാധിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഹാച്ചറികള്‍ തുടങ്ങി ചെറുകിട ഇറച്ചിക്കോഴി സംരംഭകരെ സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.