കണ്ണൂർ അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എൽ.എ കോഴ വാങ്ങിയെന്ന പരാതിയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുന്നു. പണം കൈമാറിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന പരാതിയിലാണ് അന്വേഷണം. ഇ.ഡി കോഴിക്കോട് സബ് സോണൽ ഓഫിസിൽ മൂന്ന് മണിക്കാണ് മൊഴിയെടുക്കൽ തുടങ്ങിയത്. ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി. ലീഗ് സംസ്ഥാന ഭാരവാഹികളുൾപ്പെടെ മുപ്പത്തി മൂന്നു പേർക്കാണ് ഇ.ഡി നോട്ടിസ് നൽകിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എം.എൽ.എ അടുത്തമാസം പത്തിന് ഹാജരാകണം. എം.എൽ.എ പണം വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഇടപെടലെന്നുമാണ് എം.എൽ.എയുടെ നിലപാട്.