ചോറ്റാനിക്കര ദേവീക്ഷേത്രം രാജ്യാന്തര തീർഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ബെംഗളൂരു ആസ്‌ഥാനമായ സ്വാമിജി ഗ്രൂപ്പ്. സംസ്‌ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര നഗരപദ്ധതിയാണ് ചോറ്റാനിക്കരയിൽ ഉയരുന്നത്. എഴുന്നൂറ് കോടി രൂപ ചെലവിൽ ക്ഷേത്രവും പരിസരവും ശിൽപചാതുരിയോടെ പുനർനിർമിക്കാനാണ് സ്വാമിജി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ചോറ്റാനിക്കരയെ അടിമുടി മാറ്റുന്ന ക്ഷേത്ര നഗരപദ്ധതി അടുത്ത അഞ്ച് വർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്നൂറ് കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണ്ണം പതിപ്പിക്കും. ക്ഷേത്രത്തിന് ചുറ്റും മൂന്ന് റിങ് റോഡുകൾ പണിയും. ജനങ്ങളെ ഒരു തരത്തിലും ബാധിക്കാതെയും ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയുമാകും നിർമാണ പ്രവർത്തനങ്ങൾ. മുന്നൂറ് മുറികളുള്ള ഏഴ് അതിഥി മന്ദിരങ്ങൾ , രണ്ട് പാലം, ഡ്രൈനേജ്, കരകൗശല വസ്തുക്കൾക്കായി ഇൻഡസ്ട്രിയൽ പാർക്ക്, വാണിജ്യ സമുച്ചയങ്ങൾ എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്. ക്ഷേത്ര നവീകരണത്തിന് മുന്നൂറ് കോടിയും ടൗൺഷിപ് വികസനത്തിന് നാനൂറ് കോടിയുമാണ് സ്വാമിജി ഗ്രൂപ്പ് ചെലവാക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങും.
കർണാടകയിലെ പ്രമുഖ ജോത്സ്യ, പുരോഹിത കുടുംബാംഗമാണ് ഗണ ശ്രാവൺ സ്വാമിജി. ചോറ്റാനിക്കര ദർശനത്തിലൂടെ സ്വർണ , രത്ന വ്യാപാരത്തിലേറ്റ തിരിച്ചടിയിൽനിന്ന് കരകയറാനായതിന്റെ നന്ദി സൂചകമായാണ് ലാഭത്തിന്റെ ഒരു ഭാഗം ചോറ്റാനിക്കര ക്ഷേത്രത്തിന് നൽകുന്നത്.