Specials-HD-Thumb-Wagon-Tragedy

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ട്രാജഡിക്ക് ഇന്ന് തൊണ്ണൂറ്റി ഒമ്പത് വയസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കിരാത കൂട്ടകൊലയുടെ ശേഷിപ്പുകള്‍ ഇന്നും തിരൂരിന് നീറുന്ന ഓര്‍മയാണ്. ശതാബ്ദിയോട് അടുക്കുമ്പോഴും വാഗണ്‍ ട്രാജഡിയുടെ വിവാദമുഖം നീങ്ങിയിട്ടില്ല.

 

എഴുപത് മനുഷ്യര്‍ ഉച്ചത്തില്‍ അലറി കരഞ്ഞു, ജീവനായി നിലവിളിച്ചു, ശ്വാസത്തിനായി പോരാടി മരിച്ചു. അത് പോരാട്ടമെന്നും അല്ലെന്നും വാദങ്ങള്‍ പലതുണ്ട്. ഒന്നുറപ്പാണ്  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ക്രൂരമായ കൂട്ടകൊലയ്ക്കാണ് 1921 നവംബര്‍ 20ന് തിരൂര്‍ സാക്ഷിയായത്. മലബാര്‍ കലാപകാലത്ത് വിവിധയിടങ്ങളില്‍ നിന്ന് പിടിച്ച തടവുകാരെ വായുസഞ്ചാരമില്ലാത്ത വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ദുരന്തം. മരിച്ചവരില്‍ 44 പേരെ തിരൂരിലെ കോരങ്ങാട്ട് ജുമാ മസ്ജിദിലും 11 പേരെ കോട്ട് ജുമാ മസ്ജിദിലുമാണ് ഖബറടക്കിയത്. അന്ന് ഖബറടക്കത്തിന് നേതൃത്വം നല്‍കിയ തൂമ്പേരി ആലിക്കുട്ടിയില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ മുക്രി ഇ.അസീസിന്റെ മനസില്‍ ‍ഇപ്പോഴും മായാതെ കിടപ്പുണ്ട്. 

 

തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും വാഗണ്‍ ട്രാജഡിയുടെ ഓര്‍മകള്‍ മായിക്കപ്പെട്ടിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചരിത്ര ദുരന്തത്തെ കുറിച്ചുള്ള സിനിമയാണ് ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്.