ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലറങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും കോഴിക്കോട് ജില്ലയില്‍ സ്റ്റാന്‍ഡിലിട്ട് ഓടാന്‍ സാഹചര്യമൊരുക്കാതെ അധികൃതര്‍. സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓട്ടോകള്‍ വാങ്ങിയവര്‍ക്ക് സബ്സിഡി പോലും നല്‍കിയിട്ടില്ല. കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനിലും ഈ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
പരാതികള്‍ നല്‍കി മടുത്തു. വായ്പാ തിരിച്ചടവ് മുടങ്ങി. കുടുംബം പോറ്റാന്‍ പോലും വരുമാനമില്ലാതായി. അവസാനം കോഴിക്കോട് ജില്ലിയിലെ ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍ സംഘടിച്ചു. ജില്ലയില്‍ നൂറ്റി ഏണ്‍പത് ഇലക്ട്രിക് ഓട്ടോകളുണ്ട്. ആര്‍ക്കും ഇതുവരെ സമാധാനപരമായി ഓടാന്‍ സാധിച്ചിട്ടില്ല. ഓട്ടോ സ്റ്റാന്‍ഡില്‍ കയറാന്‍ മറ്റ് തൊഴിലാളികള്‍ അനുവദിക്കില്ല. പരാതികള്‍ക്ക് പരിഹാരം കാണാമെന്ന അധികൃതരുടെ വാക്കുകളും പാഴായി.
മുപ്പതിനായിരം രൂപ സബ്സിഡി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും രണ്ടായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് നഗര പെര്‍മിറ്റ് നല്‍കുമെന്ന തീരുമാനവും ഇതുവരെ ജില്ലയില്‍ നടപ്പായിട്ടില്ല.