ksdp

വിറ്റുവരവില്‍ നൂറുകോടി പിന്നിട്ട് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി..ചരിത്രത്തിലാദ്യമായാണ് ഈ മരുന്ന് നിര്‍മാണ കമ്പനി ഇത്രവലിയ നേട്ടം കൈവരിക്കുന്നത്. കോവിഡ് കാലത്ത് സംസ്ഥാനത്തുടനീളം മിതമായ നിരക്കില്‍ സാനിറ്റൈര്‍ എത്തിച്ചതും കെ.എസ്.ഡി.പിയാണ്

2003 മുതല്‍ 2006 വരെ പ്രവര്‍ത്തനംതന്നെ നിലച്ചുപോയൊരു സ്ഥാപനമാണ് ഈ സാമ്പത്തികവര്‍ഷത്തിന്റെ ഒരു പാദം ബാക്കി നില്‍ക്കെ ഇത്രവലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈവര്‍ഷം ഇതുവരെ 13 കോടിയോളം രൂപയുടെ ലാഭമാണ് ആലപ്പുഴയിലെ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉണ്ടാക്കിയത്. 2016 മുതല്‍ പടിപടിയായി ഉയര്‍ന്ന ഉല്‍പാദനവും വിപണനവുമാണ് മികച്ചനേട്ടത്തിലെത്താന്‍ സ്ഥാപനത്തെ സഹായിച്ചത്. 45 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.എസ്.ഡി.പിയുടെ തലപ്പത്ത് സി.ബി.ചന്ദ്രബാബു എത്തിയതോടെയാണ് മുഖച്ഛായ മാറിയത്. 

കെ.എസ്.ഡി.പിയില്‍ പുതിയ ഇന്‍ജക്ഷന്‍ പ്ലാന്റിന്റെ നിര്‍മാണം നടന്നുവരികയാണ്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ക്ക് ദിവസേന കഴിക്കാനുള്ള മരുന്ന് കുറഞ്ഞ ചെലവില്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. ഗുണനിലവാരമുള്ള സാനിറ്റൈസര്‍ നിര്‍മിച്ച് പൊതുവിപണിയിലെ വില നിയന്ത്രിക്കാനും സ്ഥാപനത്തിന് കഴിഞ്ഞിരുന്നു. പതിനഞ്ചു ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് ഈ കോവിഡ് കാലത്ത് കെ.എസ്.ഡി.പി വിപണിയിലെത്തിച്ചത്