cctv

തിരുവനന്തപുരം നഗരത്തിലെ സി.സി.ടി.വി ക്യാമറകളുടെ തകരാര്‍ പരിഹരിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് ഗുരുതര അനാസ്ഥ. രണ്ട് വര്‍ഷമായി ഇരുന്നൂറോളം കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ അപകടങ്ങളിലും കേസുകളിലും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാവാെത പൊലീസ് വലയുകയാണ്.  

 

ഒന്നര വര്‍ഷം മുന്‍പ്, തലസ്ഥാനത്തെ ഏറ്റവും പ്രധാന റോഡില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ജീവനെടുത്തു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെ നടന്ന അപകടമായിട്ടും അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നും ലഭിച്ചിട്ടില്ല. ഇതോടെ ഇല്ലാതായത് പ്രതികള്‍ക്കെതിരെയുള്ള ഏറ്റവും വലിയ തെളിവാണ്. വീണ്ടും ദുരൂഹതയുണര്‍ത്തി എസ്.വി. പ്രദീപിന്റെ അപകടമരണം. അവിടെയും പൊലീസിന്റെ കാമറയില്‍ അപകടം പതിഞ്ഞില്ല. കാരണം തലസ്ഥാന നഗരത്തിലെ പൊലീസ് കാമറകളെല്ലാം കണ്ണടച്ചിരിക്കുകയാണ്..

 

ആകെ 233 കാമറകളാണ് പൊലീസിനുള്ളത്. ഇതില്‍ 35 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് 198 എണ്ണം നോക്കുകുത്തിയാണ്. കെല്‍ട്രോണിനായിരുന്നു തകരാര്‍ പരിഹരിക്കാനുള്ള കരാര്‍. അത് 2018 ഓഗസ്റ്റില്‍ തീര്‍ന്ന ശേഷം പുതുക്കാത്തതാണ് കാമറകള്‍ കൂട്ടത്തോടെ കണ്ണടക്കാനിടയാക്കിയത്. ഉടന്‍ പരിഹരിക്കണമെന്ന് കമ്മീഷണറും എ.സി.പിമാരുമെല്ലാം പലതവണ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും പണം നല്‍കിയില്ല. ഇനി കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്മാര്‍ട്സിറ്റി പദ്ധതി വഴി പുതിയ കാമറകള്‍ വയ്ക്കുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് സര്‍ക്കാരിന്റെ മറുപടി. പക്ഷേ ആ പദ്ധതി ഏത് കാലത്ത് നടക്കുമെന്ന് പൊലീസിനോ സര്‍ക്കാരിനോ അറിയില്ല. അതുവരെ സ്വകാര്യ വ്യക്തികള്‍ കാമറകളിലൂടെ തെളിവ് കണ്ടെത്താനാണ് ഉന്നത ഉപദേശം.