mayor

എം.അനില്‍കുമാര്‍ കൊച്ചിയിലും പ്രസന്ന ഏണസ്റ്റ് കൊല്ലത്തും മേയര്‍മാരാകും. പ്രഖ്യാപനം നാളെയുണ്ടാകും. അതേസമയം തൃശൂരില്‍ അനിശ്ചിതത്വം തുടരുകയാണ്. ആദ്യ രണ്ട് കൊല്ലം മേയര്‍ പദവി വേണമെന്ന കോണ്‍ഗ്രസ് വിമതന്‍റെ ആവശ്യത്തില്‍ സിപിഎം ഇതുവരെ നിലപാട് എടുത്തിട്ടില്ല.

എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിന് പകരം ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ സ്ഥാനം നല്‍കണമെന്ന കോണ്‍ഗ്രസ് വിമതന്‍ എം.കെവര്‍ഗീസിന്‍റെ നിലപാടാണ് തൃശൂരില്‍ തീരുമാനങ്ങള്‍ വൈകിക്കുന്നത്. ആദ്യഘട്ടത്തില്‍ മേയര്‍ പദവി നല്‍കുന്നതിനോട് എല്‍.ഡി.എഫിനുള്ളില്‍ തീരുമാനമായിട്ടില്ല. പിന്നീട്, മേയറാക്കാമെന്നാണ് എല്‍.ഡി.എഫ് മുന്നോട്ടു വച്ചിട്ടുള്ള ഇപ്പോഴത്തെ വാഗ്ദാനം. ഇത് സ്വതന്ത്രന്‍ അംഗീകരിച്ചിട്ടുമില്ല. മേയര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ യു.ഡി.എഫിനൊപ്പം പോകുമെന്ന് സ്വതന്ത്രന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തര്‍ക്കങ്ങളില്ലാതെയാണ് കൊച്ചിയിലും കൊല്ലത്തും സിപിഎം മേയര്‍മാരെ നിശ്ചയിച്ചത്. എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ എം.അനില്‍കുമാറിനെ മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയാണ് സിപിഎമ്മും എല്‍ഡിഎഫും കൊച്ചിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞായറാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം അനില്‍കുമാറിന്‍റെ പേരിന് അംഗീകാരം നല്‍കും. നാലാം വട്ടമാണ് എം.അനില്‍കുമാര്‍ കൊച്ചി കോര്‍പറേഷനിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സിപിഎം സ്ഥാനാര്‍ഥിയുമായിരുന്നു. സിപിഐയ്ക്കാണ് കൊച്ചിയില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം. കെ.എ.അന്‍സിയ ആയിരിക്കും ഈ പദവിയിലേക്കെത്തുക. 

രണ്ടാം വട്ടമാണ് പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പറേഷനില്‍ മേയറാകുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റ് 2010–15 കാലയളവിലും മേയറായിരുന്നു. നാളത്തെ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കൊല്ലത്ത് അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം വേണമെന്ന് സിപിഐ ആവശ്യമുന്നയിച്ചിട്ടുണ്ട്.