‘എനിക്കെന്റെ മോനെപ്പോലെയാണ് ആ ബൈക്ക്. തിരിച്ചുകിട്ടിയെന്നറിഞ്ഞപ്പോഴാണ് സമാധാനമായത്. എത്ര രൂപ ചെലവായാലും ആ ബൈക്ക് പഴയതുപോലെ നേരെയാക്കിയെടുക്കും.’
കോഴിക്കോട് പാലക്കോട്ടുവയൽ മക്കോലത്ത് മായിന്റെ മകൻ ഷംസുദ്ദീൻ പറഞ്ഞു. തന്റെ യമഹ ആർഎക്സ് 100 ബൈക്ക് പൊലീസ് കണ്ടെത്തിയപ്പോൾ കാണാതായ കുട്ടിയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഷംസു. അത്രയും ആത്മബന്ധമാണ് ഷംസുവിന് ആ വണ്ടിയുമായുള്ളത്. ആ ബൈക്ക് ഷംസുവിന്റെ മകനായിരുന്നുവെങ്കിൽ ഇപ്പോൾ 25 വയസു പ്രായമുണ്ടായേനെ!
യമഹ ആർഎക്സ് 100, എഫ്സി ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന പ്രായപൂർത്തിയാവാത്തവരെ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടിയിപ്പോഴാണ് ഷംസുവിന്റെ ബൈക്കും കണ്ടെത്തിയത്. മോഷ്ടിച്ച ഏഴു ബൈക്കുകളിൽ അഞ്ചെണ്ണമാണ് തിരികെ കിട്ടിയത്.
മെഡിക്കൽ കോളജ് ആശുപത്രി ടാക്സി സ്റ്റാൻഡിലെ ഡ്രൈവറാണ് ഷംസു. തന്റെ കുട്ടിക്കാലം തൊട്ട് ടാക്സി കാറുകൾ കഴുകി ദിവസവും കിട്ടുന്ന അഞ്ചും പത്തും രൂപ വീതം കൂട്ടിവച്ചാണ് 1995 ജൂലൈ മാസത്തിൽ യമഹ ആർഎക്സ് 100 ബൈക്കു വാങ്ങിയത്. അന്നു തൊട്ട് ഇന്നുവരെ തന്റെ ബൈക്കിനെ പൊന്നുപോലെയാണ് ഷംസു നോക്കിയത്. ഷംസുവിന്റെ ഉപ്പയും സഹോദരനുമൊക്കെ കുറേക്കാലം ഈ ബൈക്ക് ഓടിച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസം മെഡിക്കൽ കോളജിൽനിന്ന് പാലക്കോട്ടുവയലിലെ വീട്ടിലേക്കു ഷംസു ബൈക്കോടിച്ചുവരികയായിരുന്നു. അന്നാണ് മോഷ്ടാക്കൾ ഈ ബൈക്ക് നോട്ടമിട്ടത്. വീടുവരെ ഈ സംഘം ഷംസുവിനെ ബൈക്കിൽ പിൻതുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സെപ്റ്റംബർ 25ന് അർധരാത്രി ഒരു മണിക്കുശേഷം സംഘം വീട്ടിലെത്തി ബൈക്കുമായി കടന്നുകളഞ്ഞു.
പ്രായപൂർത്തിയാവാത്ത സംഘാംഗങ്ങളെ കഴിഞ്ഞദിവസം പിടികൂടി. മൂന്നു ദിവസം മുൻപാണ് ഷംസുവിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഷംസുവിന്റെ കണ്ണു നിറഞ്ഞു. ഷംസു അപ്പോൾത്തന്നെ ബൈക്കു കാണാൻ ഓടി പന്നിയങ്കര പൊലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ മൂന്നു ദിവസവും ബൈക്കുകാണാൻ ഷംസു വരാറുണ്ട്. ഇന്നലെ ബൈക്കു കാണാൻ പ്രായമായ ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു മക്കളും ഷംസുവിനൊപ്പം സ്റ്റേഷനിലെത്തിയിരുന്നു.
കള്ളൻമാർ ബൈക്കിന്റെ നമ്പർ പ്ലേറ്റ് അടർത്തിക്കളഞ്ഞിരുന്നു. സീറ്റും ക്ലച് പാഡുകളും നശിപ്പിച്ചു. ബൈക്കിന് വേറെയും നിരവധി കേടുപാടുകൾ സംഭവിച്ചു. കോടതി വഴി ബൈക്ക് വിട്ടുകിട്ടുന്നയന്ന് ബൈക്ക് നന്നാക്കി വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുകയാണ് ഷംസു