ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ് മാറുകയാണ് ചതുരംഗപ്പാറ മലനിരകൾ. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി ഇവിടെ സന്ദർശിച്ച് മടങ്ങുന്നത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികാസനം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലമുകളിലെ കാറ്റാടിപ്പാടത്തെത്തിയാൽ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും, അണക്കരമെട്ട്, പുഷ്പക്കണ്ടം, തേവാരംമെട്ട്, മാൻകുത്തിമേട് പ്രദേശങ്ങളുടെ വിദൂരദൃശ്യങ്ങൾ മനോഹരമാണ്.
എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മേഖലയുടെ ടൂറിസം വികസനത്തിന് വിലങ്ങുതടിയാവുന്നു. റോഡ്, ശുചി മുറികൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയാൽ കൂടുതൽ ആളുകൾ എത്തുമെന്ന് സഞ്ചാരികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഡി.ടി.പി.സി.യുടെ മേൽനോട്ടത്തിൽ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചതുരംഗപ്പാറയിൽ ഒരുക്കാൻ സാധിച്ചാൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ചതുരംഗപ്പാറ മാറും
തമിഴ്നാടും വമ്പൻ ടൂറിസം സാദ്ധ്യതയാണ് ഇവിടെ കാണുന്നത്. തേവാരം- തേവാരംമെട്ട് റോഡ് യാഥാർത്ഥ്യമാവുന്നതോടെ ചതുരംഗപ്പാറയിൽ ടൂറിസം വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ഒരുങ്ങുകയാണ് തമിഴ്നാട് ടൂറിസംവകുപ്പ്.