കുത്തിവെയ്പ്പ് മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാനുള്ള പുതിയ പ്ലാന്റ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയില്‍ ഒരുങ്ങുന്നു. മരുന്ന് നിര്‍മിക്കാനുള്ള 15 കോടി രൂപയുടെ വിദേശനിര്‍മിത മെഷീനുകള്‍ ആലപ്പുഴയിലെത്തി. പതിനാലിനം മരുന്നുകളാണ് ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിക്കുക
അസപ്റ്റിക്ക് ബ്ലോ ഫില്‍ സീല്‍ യന്ത്രം. മണിക്കൂറില്‍ രണ്ടായിരം കുപ്പി മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷി. ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ മരുന്നുകളും ഗ്ലൂക്കോസും നിര്‍മ്മിക്കാനുള്ള യന്ത്രമാണിത്. മരുന്നിനൊപ്പം അവ നിറയ്ക്കാനുള്ള ബോട്ടിലുകളും നിര്‍മ്മിച്ച് ലേബല്‍ പതിക്കുന്നതുള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രം നിര്‍വഹിക്കും. ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. പ്രധാന ഫോര്‍മുലേഷന്‍ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് ഇഞ്ചക്ഷന്‍ മരുന്ന് നിര്‍മ്മാണത്തിന് സജ്ജമാക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിയില്‍ നവീകരണത്തിന്റെ ഭാഗമായി ബീറ്റാലാക്ടം പ്ലാന്റും നോണ്‍ ബീറ്റാലാക്ടം പ്ലാന്റും നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. ഇത് മൂന്നാം ഘട്ടമാണ്. ചരിത്രത്തിലാദ്യമായി 100 കോടിക്ക് മുകളില്‍ വിറ്റുവരവ് നേടിയ കെ.എസ്.ഡി.പി നിലവില്‍ എട്ടുകോടിയോളം രൂപ ലാഭത്തിലാണെന്ന് ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു പറഞ്ഞു. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വിപണിയിലെത്തും