rmp-kk-rama

വടകര മണ്ഡലത്തെപ്പറ്റി ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുക കെ.കെ.രമയുടെ മുഖമാണ്. 51 വെട്ടിന്റെ വേദന മലയാളികളുടെ ഹൃദയത്തിൽനിന്ന് ഇനിയും മാറിയിട്ടില്ല. ‘കേരളത്തിന്റെ വിധവ’യ്ക്കു നേരെ എതിരാളികൾ സഭ്യതയുടെ സീമ ലംഘിച്ച് സൈബർ ആക്രമണം നടത്തുന്നതിന്റെ കാരണവും രമയുടെ പോപ്പുലാരിറ്റി തന്നെയാണ്.

 

വടകരയിൽ ഇത്തവണ രമയാണ് യുഡിഎഫ് സ്ഥാനാർഥി എന്ന് വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ തവണ ആർഎംപി സ്ഥാനാർഥിയായി മത്സരിച്ച രമ 20,504 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു വിജയിച്ചത് 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതിനാൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാൽ വിജയസാധ്യത ഏറെയാണ്. എന്നാൽ ഒരു കെപിസിസി ഭാരവാഹിക്കു വേണ്ടി കോൺഗ്രസിലെ ഉന്നതൻ രംഗത്തുവന്നത് രമയെ പിന്തുണയ്ക്കുന്നവരെ നിരാശരാക്കിയിട്ടുണ്ട്. 

 

∙ മുല്ലപ്പള്ളിയുടെ വിജയം

 

ഉരുക്കുകോട്ടയെന്ന് എക്കാലവും ഇടതുപക്ഷത്തിന് വിളിക്കാവുന്നതായിരുന്നു വടകര പാർലമെന്റ് മണ്ഡലം. ഇടതുപക്ഷത്തിനു വേണ്ടി പതിവായി മത്സരിച്ചിരുന്നത് കോൺഗ്രസ്–എസ് നേതാവായിരുന്ന കെ.പി.ഉണ്ണികൃഷ്ണനായിരുന്നു. ആറു തവണ അദ്ദേഹം ജയിച്ചു. അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിപ്പോയതിനു ശേഷം പി.സതീദേവി വലിയ ഭൂരിപക്ഷത്തിൽ രണ്ടുതവണ ജയിച്ചു. ഇതിനിടെയാണ് ടി.പി.ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചു. ചന്ദ്രശേഖരന്റെ ചോരയും രമയുടെ കണ്ണീരും ആ വിജയത്തിൽ ഒരു പങ്കുവഹിച്ചു.

 

മുല്ലപ്പള്ളി വിജയം ആവർത്തിക്കുകയും കേന്ദ്രത്തിൽ മന്ത്രിയാവുകയും ചെയ്തു. എന്നാൽ യുഡിഎഫിനോട് സഹകരിക്കാൻ ആർഎംപിക്ക് വൈമനസ്യം ഉണ്ടായിരുന്നതിനാൽ കെ.കെ.രമയ്ക്ക് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മുന്നണി സ്ഥാനാർഥിയായി മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനോടൊപ്പം ചേർന്ന് ജനകീയ മുന്നണിയുണ്ടാക്കി മത്സരിച്ചപ്പോൾ ആർഎംപിക്കും യുഡിഎഫിനും നേട്ടമുണ്ടായി. അതിന്റെ തുടർച്ചയായാണ് രമ വടകരയിൽ മത്സരിക്കും എന്ന അന്തരീക്ഷം ഉണ്ടായത്.

 

ഇതിനിടെയാണ് ചില ഉന്നതരുടെ പിന്തുണയോടെ രമയുടെ സാധ്യത അട്ടിമറിക്കാൻ നോക്കുന്നത്. ജനകീയ മുന്നണി പറ്റില്ല, പകരം യുഡിഎഫിന്റെ ബാനറിൽ മത്സരിക്കണം എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇതിനായി ഇറക്കുന്നത്.

 

∙ ജനകീയ മുന്നണിയുണ്ടായത്

 

കഴിഞ്ഞ ലോക്സഭാ മത്സരത്തിന് പി.ജയരാജൻ വടകരയെത്തിയത് വലിയ വാർത്തയായിരുന്നു. ടിപിയുടെ വധം അടക്കം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അക്രമങ്ങൾ ആസൂത്രണം ചെയ്തിരുന്നത് പി.ജയരാജൻ ആണെന്ന എതിരാളികളുടെ ആരോപണത്തിന് വടകരയിലെ വിജയത്തോടെ മറുപടി നൽകാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. സ്ഥാനാർഥിയാവുമെന്ന് രമയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വട്ടിയൂർക്കാവിൽനിന്ന് കെ.മുരളീധരൻ വടകരയിൽ വണ്ടിയിറങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

 

ജയരാജനെ തോൽപിക്കാനായി യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ആർഎംപി തീരുമാനിച്ചു. ‘കൊലയാളിയായ ജയരാജന്റെ പരാജയം ഉറപ്പാക്കുക മാത്രമാണു ലക്ഷ്യ’മെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ.രമ, പി.കുമാരൻകുട്ടി എന്നിവർ വ്യക്തമാക്കുകയും ചെയ്തു. സ്ഥാനാർഥിയാവാനുള്ള തീരുമാനം രമ പിൻവലിക്കുകയും ചെയ്തു.

 

കേരളം ശ്രദ്ധിച്ച ആ മത്സരത്തിൽ മുരളീധരൻ വൻഭൂരിപക്ഷത്തിൽ ജയിച്ചതും പി.ജയരാജൻ പാർട്ടിയിൽ അപ്രസക്തനായതും കാവ്യനീതിയായി കണ്ടവർ ഏറെ. രമയുടെ സന്തോഷമായിരുന്നു രാഷ്ട്രീയത്തേക്കാൾ നാട്ടുകാർ വിലമതിച്ചത്. ഏതായാലും യുഡിഎഫ് സഹകരണത്തിന് അതു വഴിതെളിച്ചു. അങ്ങനെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനായി ജനകീയ മുന്നണി ഉണ്ടായത്.

 

∙ പഞ്ചായത്ത് വിജയം

 

തദ്ദേശ തിരഞ്ഞെടുപ്പിൽ വടകര മേഖലയിൽ ജനകീയമുന്നണി നേട്ടമുണ്ടാക്കുകതന്നെ ചെയ്തു. അഞ്ചു തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിച്ച സഖ്യം മൂന്നിടത്തു ഭരണം നേടി. ശക്തികേന്ദ്രമായ ഒഞ്ചിയത്ത് ഭരണം നിലനിർത്തിയ ആർഎംപി, പാർട്ടിയുടെ പിറവിക്കു വഴിമരുന്നിട്ട ഏറാമല പഞ്ചായത്തിൽ ആദ്യമായി ഭരണം നേടി.

 

അഴിയൂർ, മാവൂർ പഞ്ചായത്തുകളിലും യുഡിഎഫ്–ആർഎംപി സഖ്യത്തിനാണു ഭൂരിപക്ഷം കിട്ടിയത്. ഏറാമല പഞ്ചായത്തിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നാണ് 2008 ൽ സിപിഎം വിമതർ ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർഎംപി രൂപീകരിച്ചത്. അതിനാൽ ഏറാമല പിടിക്കാനായത് പാർട്ടിക്ക് സന്തോഷം നൽകുന്നതായി.

 

നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്നായിരുന്നു പ്രതീക്ഷ. അപ്പോഴാണ് രമ യുഡിഎഫ് ബാനറിൽ മത്സരിക്കണമെന്ന ഉടക്കുന്യായം ചിലർ മുന്നോട്ടുവച്ചത്. ജനകീയ മുന്നണിയുടെ സ്ഥാനാർഥിയായി രമ മത്സരിക്കണമെന്നും യുഡിഎഫ് പിന്തുണയ്ക്കണമെന്നുമാണ് ആർഎംപി ആഗ്രഹിക്കുന്നത്. ഈ മേഖലയിലെ പരമ്പരാഗത കമ്യൂണിസ്റ്റുകാർ പൊതുവേ കോൺഗ്രസ് വിരുദ്ധരാണ്. അതിനാൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാൽ രമയോട് അനുഭാവമുള്ള ഇടതുപക്ഷക്കാർ വോട്ടു ചെയ്യണമെന്നില്ല. അതിനാലാണ് ജനകീയമുന്നണി വേണമെന്ന് ആർഎംപി പറയുന്നത്. 

 

∙ മുരളീധരൻ ‘കട്ട സപ്പോർട്ട്’

 

കെ.മുരളീധരൻ പ്രചാരണത്തിന് നേതൃത്വം നൽകുകയും യുഡിഎഫ് പിന്തുണയോടെ രമ മത്സരിക്കുകയും ചെയ്താൽ തീപാറും. മുരളീധരൻ രമയുടെ സ്ഥാനാർഥിത്വത്തിന് അനുകൂലവുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുരളീധരന്റെ വിജയത്തിനു വേണ്ടി ‘ചാവേറുകളെ’പ്പോലെ പണിയെടുത്തത് ആർഎംപി പ്രവർത്തകരാണ്. ടിപി വധത്തിൽ പ്രതിഷേധമുള്ള സിപിഎം വോട്ട് പിടിച്ചെടുക്കാൻ ആർഎംപി വേണമെന്ന് തിരഞ്ഞെടുപ്പിൽ തെളിയുകയും ചെയ്തു.

 

രമ മത്സരിച്ചാൽ 1957 ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമായ വടകര പിടിക്കാൻ യുഡിഎഫിന് കഴിയും. സോഷ്യലിസ്റ്റ് ആഭിമുഖ്യം എന്നും പുലർത്തിയിട്ടുള്ള ഇവിടെ പലവട്ടം ജയിച്ചത് ജനതാദൾ ആണ്. കഴിഞ്ഞ തവണ എൽജെഡി യുഡിഎഫിന് ഒപ്പമായിരുന്നു. ഇപ്പോൾ എൽഡിഎഫിലേക്ക് മടങ്ങിപ്പോയി. 

 

എൽജെഡി മുന്നണി വിട്ടതിന്റെ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മറികടന്നത് ആർഎംപി സഖ്യത്തിലൂടെ രൂപീകരിച്ച ജനകീയ മുന്നണിയിലൂടെയായിരുന്നു. വടകര നിയമസഭാ മണ്ഡല പരിധിയിലെ വോട്ടുനിലയിലും യുഡിഎഫ് ലീഡ് നേടി. ആർഎംപിയെ പിന്തുണച്ചാൽ ഈ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് ആവർത്തിക്കാൻ കഴിയും. 

 

∙ തർക്കിച്ചാൽ തോൽക്കും

 

യുഡിഎഫ്– ആർഎംപി ഐക്യം ഇല്ലെങ്കിൽ വടകരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുക എളുപ്പമല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ പരാജയം ഇതിന് ഉദാഹരണമാണ്. ഇവിടെ തന്റെ സ്ഥാനാർഥി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വാശിപിടിച്ചതായാണ് ആരോപണം. 

 

ജനകീയ മുന്നണിയുടെ ധാരണയനുസരിച്ച് ആർഎംപിക്കു നൽകിയ കല്ലാമല ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി. പ്രതിഷേധിച്ച് വടകരയിലെ പ്രചാരണം അവസാനിപ്പിച്ചു കെ.മുരളീധരൻ തിരുവനന്തപുരത്തേക്കു മടങ്ങുകയും ചെയ്തു. പിന്നീട് ഒത്തുതീർപ്പുണ്ടായെങ്കിലും ഈ കലഹം പരാജയത്തിന് ഇടയാക്കി. 

 

∙ ലീഗ് എന്നും ഒപ്പമുണ്ട്

 

രമയുടെ ഒപ്പം എക്കാലവും ഉറച്ചുനിന്നത് മുസ്​ലിം ലീഗാണ്. വടകര മേഖലയിൽ നല്ല സ്വാധീനം ഉള്ള ലീഗ് മുൻപും രമയെ യുഡിഎഫ് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഏറാമല, അഴിയൂർ, ഒഞ്ചിയം എന്നീ സ്ഥലങ്ങളിൽ ലീഗ് ശക്തമാണ്. കൂടാതെ കഴിഞ്ഞ തവണ കുറ്റ്യാടിയിൽ സിപിഎമ്മിന്റെ കെ.കെ.ലതികയ്ക്ക് എതിരെ പാറയ്ക്കൽ അബ്ദുല്ല മത്സരിച്ചപ്പോൾ ആർഎംപിയുടെ സഹായമുണ്ടായി.

 

ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും കുറ്റ്യാടി പിടിക്കാൻ ലീഗിന് കഴിഞ്ഞു. ലതികയോടും ഭർത്താവും ജില്ലാ സെക്രട്ടറിയുമായ പി.മോഹന‌നോടും എതിർപ്പുള്ള സിപിഎമ്മുകാരുടെ വോട്ട് പിടിച്ചെടുക്കാൻ ആർഎംപിയുടെ സാന്നിധ്യം സഹായകമായി. പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലും ആർഎംപിക്ക് സ്വാധീനമുണ്ട്. അതിനാൽ ലീഗ് ആർഎംപിയോട് താൽപര്യം കാട്ടുന്നു. 

 

∙ രമ സഭയിൽ വന്നാൽ

 

ടി.പി.ചന്ദ്രശേഖരൻ 2008ൽ രൂപം നൽകിയ റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിക്ക് (ആർഎംപി) വടകര മേഖലയിൽ ഇന്നും മികച്ച സ്വാധീനമുണ്ട്. ഇപ്പോഴും പതിനായിരം പേരെ അണിനിരത്തി റാലി നടത്താൻ ആർഎംപിക്ക് കഴിയും. പിണറായി വിജയൻ അടുത്ത സഭയിൽ ഉണ്ടാവുമ്പോൾ എതിർപക്ഷത്ത് കെ.കെ.രമയും വരണമെന്നാണ് പാർട്ടിക്കാരും ജനങ്ങളും അഭിലഷിക്കുന്നത്. എന്നാൽ അതിനു വേണ്ടി വ്യക്തിത്വം കളഞ്ഞ് മത്സരിക്കാൻ രമയ്ക്കോ ആർഎംപിക്കോ താൽപര്യമില്ല. അതിനാൽ യുഡിഎഫ് ഘടകകക്ഷി ആകണമെന്ന് വാശിപിടിച്ചാൽ രമ മത്സരിച്ചില്ലെന്നു വരാം.