എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന കാസർകോട് ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ എൻഡോസൾഫാൻ ദുരിതബാധിതർ. പീഡിത ജനകീയ മുന്നണിയുടെ നേതൃത്യത്തിൽ ദുരിതബാധിതർ റിപ്പോർട്ടിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
6727 പേരടങ്ങിയ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. പട്ടികയിലുള്ള അനർഹരെ കണ്ടെത്തുന്നതിന് 6,727 പേരെയും വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. ദുരിത ബാധിതരെ വീണ്ടും പരിശോധനയ്ക്ക്e വിധേയമാക്കുന്നത് ക്രൂരതയാണെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പറയുന്നു. അനർഹരുണ്ടെങ്കിൽ അതിനുത്തരവാദികളെ കണ്ടെത്തി ആവശ്യമായ നടപടികളെടുക്കുന്നതിനു പകരം ദുരിത ബാധിതരെ പരീക്ഷണ വസ്തുക്കളാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം
ജീവനാശിനികളായ കീടനാശിനികളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദുരിതബാധിതർ ആരോപിച്ചു. കാസർകോട് നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ ദുരിത ബാധിതരുടെ അമ്മമാർ ഉൾപ്പടെ നിരവധിപ്പേർ പങ്കാളികളായി