മലയാള സിനിമാതാരങ്ങൾ പരസ്യമായി അവരുടെ രാഷ്ട്രീയം പ്രഖ്യാപിക്കുകയും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ഒരുക്കമാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നത് മുൻപ് അപൂർവമായ കാഴ്ചയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നതോടെ താരങ്ങൾ പരസ്യനിലപാട് രാഷ്ട്രീയത്തിലും സ്വീകരിക്കുകയാണ്. ഈ അവസരത്തിൽ പഴയ ഒരു കാര്യം ഓർമിക്കുകയാണ് നടൻ ഷമ്മി തിലകൻ.
മുൻപ് തിലകൻ താനൊരു കമ്മ്യൂസിറ്റാണ് എന്ന് പറഞ്ഞതിന് വിശദീകരണം ചോദിച്ച അമ്മ സംഘടനയും ഇടവേള ബാബുവിനെയും അടക്കമുള്ളവരെ ഉന്നമിട്ടാണ് ഷമ്മിയുടെ ചോദ്യം. അന്ന് വിശദീകരണം ചോദിച്ച ഇടവേള ബാബു ഇന്ന് താെനാരു കോൺഗ്രസാണെന്ന് പരസ്യമായി പറയുന്നു. പൊതുവേദിയും പങ്കിടുന്നു.‘അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?’ ഷമ്മി കുറിച്ചു.
കുറിപ്പ് ഇങ്ങനെ: ഞാൻ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതിപക്ഷനേതാവ്..ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?