calicut-university

അധ്യാപക നിയമനത്തിനായി നടത്തിയ അഭിമുഖത്തിലെ വിശദാംശങ്ങൾ തേടിയുള്ള വിവരാവകാശ അപേക്ഷയിൽ കാലിക്കറ്റ് സർവകലാശാലയുടെ വിചിത്ര മറുപടി. മലയാളം, എജ്യുക്കേഷൻ എന്നീ പഠനവകുപ്പുകളിലെ അസി.പ്രഫസർ നിയമനത്തിനുള്ള അഭിമുഖ പരീക്ഷയിൽ ഓരോ ഉദ്യോഗാർഥികൾക്കും ലഭിച്ച മാർക്കുകൾ സംബന്ധിച്ച വിവരങ്ങളാണു വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ മാർക്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവനും ശാരീരിക സുരക്ഷയ്ക്കും ഭീഷണിയാണെന്ന മറുപടിയാണു സർവകലാശാലയിൽനിന്നു ലഭിച്ചത്.

അതീവ ഗൗരവ സ്വഭാവമുള്ള വിവരങ്ങൾ കൈമാറുന്നതു വിലക്കുന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ഉയർത്തിക്കാട്ടിയാണ് മാർക്ക് ലിസ്റ്റുകൾ കൈമാറാനാകില്ലെന്ന് കാലിക്കറ്റ് സർവകലാശാല പറയുന്നത്. എന്നാൽ, സാധാരണഗതിയിൽ അധ്യാപക നിയമനങ്ങൾക്ക് അനുമതി തേടുമ്പോൾ അഭിമുഖ പരീക്ഷകളിലെ മാർക്കുകൾ സിൻഡിക്കറ്റിനു മുൻപിൽ സമർപ്പിക്കാറുള്ളതാണ്. അഭിമുഖത്തിലെ മാർക്ക് ലിസ്റ്റ് പരസ്യപ്പെടുത്തിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തവണ അധ്യാപക നിയമനത്തിനായി നടത്തിയ അഭിമുഖങ്ങളിൽ പക്ഷപാതം ആരോപിച്ച് ഗവർണർക്കു മുൻപിലും ഹൈക്കോടതിയിലും പരാതികളെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിയമനങ്ങളിലെ ക്രമക്കേട് മറച്ചുവയ്ക്കാനാണു മാർക്ക് ലിസ്റ്റുകൾ പുറത്തു വിടാത്തതെന്നാണ് ആക്ഷേപം.

കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കുള്ള 116 അധ്യാപക തസ്തികകളിലേക്കുള്ള നിയമനം, വിജ്ഞാപനം പുറപ്പെടുവിച്ചതു മുതൽ വിവാദത്തിലായിരുന്നു. നിയമന വിജ്ഞാപന സമയത്തു സംവരണ പട്ടിക പുറത്തിറക്കണമെന്ന യുജിസി ചട്ടം മറികടന്നാണ് അപേക്ഷ ക്ഷണിച്ചത്. 63 തസ്തികകളിലെ അഭിമുഖം പൂർത്തിയാക്കിയിട്ടും സംവരണ റോസ്റ്റർ പുറത്തുവിടാൻ സർവകലാശാല തയാറായിട്ടില്ല. അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം അട്ടിമറിക്കപ്പെട്ടതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.