അഞ്ചൽ : ഭാരതീപുരം തോട്ടംമുക്ക് പള്ളിക്കിഴക്കതിൽ വീട്ടിൽ ഷാജി പീറ്റർ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം കാരണമെന്നു ഫൊറൻസിക് വിദഗ്ധർ. അടിയേറ്റു വലതു കാലിന്റെ എല്ല് ഒടിഞ്ഞതായും കണ്ടെത്തി. തലയോട്ടിക്കു പൊട്ടലുണ്ട്. ഇക്കാര്യം ഏരൂർ ഇൻസ്പെക്ടറെ അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധന ഫലവും വൈകാതെ പൊലീസിനു ലഭിക്കും. 2018ലെ ഓണ ദിവസം വീട്ടിൽ പ്രശ്നം ഉണ്ടാക്കിയ ഷാജിയെ സഹോദരനും മാതാവും ചേർന്നു കൊന്നു കുഴിച്ചിട്ട കേസിൽ സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്.
പ്രതികളായ മാതാവ് പൊന്നമ്മ , സഹോദരൻ സജിൻ പീറ്റർ എന്നിവരെ കസ്റ്റഡിയിൽ ലഭിച്ചാലേ ഇക്കാര്യത്തിൽ മുന്നേറാൻ കഴിയു . ഷാജിയെ കമ്പിവടി കൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി വലിച്ചിഴച്ച് വീടിനു സമീപത്ത് എടുത്ത കുഴിയൽ ഇട്ടു മണ്ണിട്ടു മൂടിയെന്നാണു സജിൻ പീറ്റർ മൊഴി നൽകിയത്
കമ്പിവടി വലിച്ചെറിഞ്ഞെന്നും സജിൻ വ്യക്തമാക്കിയിരുന്നു. കമ്പിവടി കണ്ടെത്തുന്നതിന് ഒപ്പം മറ്റു കാര്യങ്ങളിലും ഉറപ്പു വരുത്തണം. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതായി പൊലീസ് സംശയിക്കുന്ന സജിന്റെ ഭാര്യയുടെ പങ്ക് തെളിയിക്കാൻ ഇൻസ്പെക്ടർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.