kalady-sanskrit-university

കാലടി സംസ്കൃത സർവകലാശാലയിൽ സംസ്കൃത അധ്യാപക നിയമനത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. സിൻഡിക്കേറ്റ് അംഗവും സ്ക്രൂട്ടിനി കമ്മിറ്റിയംഗവുമായ ഡോ. പി.സി. മുരളി മാധവനാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്. കമ്മിറ്റി തീരുമാനങ്ങൾ അവഗണിച്ച് വൈസ് ചാൻസിലർക്ക് താൽപര്യമുള്ളവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത് നിയമ വിരുദ്ധമാണെന്ന് ഡോ. പി.സി. മുരളീ മാധവൻ ചൂണ്ടിക്കാട്ടി.

 

കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ജനറൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. യുജിസി നിയമങ്ങൾ അടിമുടി ലംഘിച്ചാണ് നിയമന നീക്കം നടന്നിട്ടുള്ളതെന്നാണ് ആരോപണം. അപേക്ഷ നൽകുന്നതിനായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ മുതൽ ക്രമക്കേട് നടന്നിട്ടുണ്ട്. സ്ക്രൂട്ടിനി കമ്മറ്റിയുടെ തീരുമാനങ്ങൾ തള്ളിക്കളഞ്ഞ് വൈസ് ചാൻസിലർക്ക് താൽപ്പര്യമുള്ളവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്ക്രൂട്ടിനി കമ്മറ്റിയംഗവും സിൻഡിക്കേറ്റിൽ ഗവർണറുടെ നോമിനിയുമായ ഡോ. പി.സി. മുരളീ മാധവൻ ആരോപിച്ചു.

 

സംസ്ഥാന സർക്കാരിന്റെയും ജനാധിപത്യപരമായ സർവകലാശാലാ ഭരണസമിതികളുടേയും അധികാരങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് വൈസ് ചാൻസിലർ സ്വീകരിക്കുന്നതെന്ന് ഡോ.പി.സി. മുരളീ മാധവൻ പറയുന്നു.