home

അബദ്ധത്തിൽ സ്വന്തം കാറിടിച്ച് തെരുവുനായ്ക്കുട്ടി ചത്ത സംഭവത്തിൽ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങി യുവാവ്. കാവനൂർ സ്വദേശിയായ യുവാവാണ് ചെമ്പാപറമ്പിലെ 5 അംഗ കുടുംബത്തിന് 6.5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് നിർമിച്ചു നൽകാനൊരുങ്ങുന്നത്. പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകുന്ന കൂട്ടായ്മയായ നന്മയും അരീക്കോട് ജനമൈത്രി പൊലീസും പങ്കാളികളാകും. 

കഴിഞ്ഞ മാസം 27ന്  കോഴിക്കോട് അരീക്കോട് ബസ് സ്റ്റാൻഡിൽ വച്ചാണ് അബദ്ധത്തിൽ കാർ ഇടിച്ച് നായ്ക്കുട്ടി ചത്തത്.  ശ്രദ്ധിക്കാതെ കാർ കടന്നു പോയി. സംഭവം കണ്ടുനിന്ന പത്തനാപുരം സ്വദേശി അമൽ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. കാർ നമ്പറും കൊടുത്തിരുന്നു. കുറിപ്പ് ശ്രദ്ധയിൽപെട്ട നന്മ കൂട്ടായ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്. 

അന്വേഷണത്തിൽ കാവനൂർ സ്വദേശിയുടേതാണ് വാഹനമെന്ന് കണ്ടെത്തി. മനഃപൂർവം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും വാഹന ഉടമ അറിയിച്ചു. തുടർന്ന് ചെമ്പാപറമ്പിലെ  പൊളിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നൽകാൻ തീരുമാനിക്കുകയായിരുന്നു.