കോവിഡ് കാലത്ത് നികുതിയടവില്‍ കൂടുതല്‍ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നവംബര്‍ 30 വരെ നീട്ടി. സ്റ്റേജ്, കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതിയും ടേണോവര്‍ ടാക്സും അടയ്ക്കാനുള്ള തീയതികള്‍ നീട്ടി. എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് നാലുകോടി കോവിഡ് പ്രതിരോധത്തിന് മാറ്റുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 31ന് അവസാനിക്കാനിരുന്ന നികുതി ആംനസ്റ്റി പദ്ധതി നവംബര്‍ 30 വരെ നീട്ടി. സ്റ്റേജ്, കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി ഇപ്പോള്‍ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ നികുതിയടക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. ടേണോവര്‍ ടാക്സ് അടയ്ക്കാനുള്ള സമയം ജൂലൈയില്‍ നിന്ന് ഒക്ടോബര്‍ 31ലേക്കും റിട്ടേണ്‍ നല്‍കാനുള്ള സമയം ജൂണില്‍ നിന്ന് സെപ്റ്റംബര്‍ 30ലേക്കും നീട്ടി. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ചെറിയ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് പരിഗണിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയിലും കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. വാക്സീന്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യത്തില്‍ 1000 കോടി നീക്കിവയ്ക്കേണ്ട സാഹചര്യമില്ലല്ലോയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്രനയം വരുമ്പോഴേ വ്യക്തതയുണ്ടാകൂ എന്നു പറഞ്ഞ് ധനമന്ത്രി ഒഴിഞ്ഞുമാറി. ബജറ്റിലെ ധനസൂചികകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന്‍റെ ബാധ്യതയായ കരാര്‍ കുടിശിക നല്‍കലും ക്ഷേമപെന്‍ഷന്‍ വിതരണവുമൊക്കെ കോവിഡ് പാക്കേജിന്‍റെ ഭാഗമാക്കി കബളിപ്പിച്ചു.
8900 കോടി ജനങ്ങളുടെ കയ്യില്‍ എത്തിക്കുമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് ധനമന്ത്രിയുടെ മറുപടി. എം.എല്‍.എമാരുടെ ആസ്തിവികസനഫണ്ടില്‍ നിന്ന് നാല് കോടി രൂപ കോവിഡ് പ്രതിരോധത്തിനായി നീക്കിവയ്ക്കും. പുനരാലോചിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളി.ഇതോടെ ആസ്തിവികസനഫണ്ട് ഒരു കോടിയായി കുറഞ്ഞു. മൂന്നുകോടി പിടിക്കാമെന്ന ധാരണ ഏകപക്ഷീയമായി സര്‍ക്കാര്‍ മറികടന്നതില്‍ പ്രതിപക്ഷത്തിന് അമര്‍ഷമുണ്ട്. ഇതുവഴി 560 കോടിയാണ് സര്‍ക്കാരിന് ലഭിക്കുന്നത്.