പാലാ: പാലാ-പൊൻകുന്നം പാതയിൽ വലിയ പാലത്തിനു സമീപം കെഎസ്ടിപിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്ഥാപിച്ച ദിശാ ബോർഡ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ദിശാ ബോർഡ് യോജ്യമല്ലാത്ത സ്ഥലത്തായതിനാൽ അപകടങ്ങൾക്കു വഴി കാണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പൊൻകുന്നം ഭാഗത്തു നിന്നു വരുന്ന വാഹന യാത്രക്കാരെ സഹായിക്കാനാണ് ദിശാ ബോർഡ് സ്ഥാപിച്ചത്.
വലിയ പാലത്തിനും പുതിയ പാലത്തിനും അതിരിടുന്ന റോഡിന് നടുവിലുള്ള ട്രാഫിക് മീഡിയന്റെ സമീപത്താണ് ബോർഡ്. ബോർഡിൽ തൊടുപുഴയ്ക്കും ഈരാറ്റുപേട്ടയ്ക്കും വലത്തോട്ടും കോട്ടയത്തിന് ഇടത്തോട്ടും സൂചന രേഖപ്പെടുത്തിയിട്ടുണ്ട്. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ബോർഡ് കണ്ട് പെട്ടെന്ന് വലത്തോട്ടു വാഹനം വെട്ടിക്കും. ഇതോടെ പാലായിൽ നിന്ന് വലിയപാലത്തിലെ വൺവേയിലൂടെ പൊൻകുന്നം റൂട്ടിലേക്ക് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്.
ബോർഡിലെ ചിഹ്നം കണ്ട് വലത്തോട്ടു തിരിക്കുന്ന ഡ്രൈവർമാർ ട്രാഫിക് മീഡിയനു അടുത്തെത്തുമ്പോൾ അബദ്ധം പറ്റി വാഹനം പെട്ടെന്ന് തിരികെ ഇടത്തോട്ടു വെട്ടിക്കും. ഇതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ഈ ഭാഗത്ത് ദിവസം ഒരു അപകടമെങ്കിലും ഉണ്ടാകുന്നുണ്ടെന്ന് സമീപത്തെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും പറയുന്നു. രാത്രിയാണ് അപകടമേറെയും. ഇവിടെ റിഫ്ലക്ടറുകളും മറ്റും വേണ്ട വിധം പ്രവർത്തിക്കുന്നില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. സ്ഥലം സന്ദർശിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അസി.എൻജിനീയർ അനു പറഞ്ഞു.