പെർള (കാസർകോട്) : ഇന്ധന വില കുതിച്ചുയരുമ്പോൾ പെട്രോൾ പമ്പിലേക്ക് വാഹനവുമായി പോകുന്നവരുടെ നെഞ്ചിടിപ്പ് കൂടും. എന്നാൽ കഴിഞ്ഞ ദിവസം കർണാടക അതിർത്തിയോടു ചേർന്നുള്ള പെർളയിലെ കുദുക്കോളി പെട്രോൾ പമ്പിൽ ഇന്ധനമടിക്കാൻ ഓട്ടോകളുടെ നീണ്ട നിരയായിരുന്നു. കാരണം മറ്റൊന്നുമില്ല, പമ്പിലെത്തുന്ന ഓട്ടോകൾക്കെല്ലാം 3 ലീറ്റർ പെട്രോൾ സൗജന്യം.!
ഒറ്റദിവസം കൊണ്ട് സൗജന്യ ഇന്ധനമടിക്കാൻ പമ്പിലെത്തിയത് 313 ഓട്ടോകൾ. എൻമകജെ പഞ്ചായത്തിൽപ്പെട്ട പെർളയിൽ സൗജന്യ ഇന്ധനം നൽകുന്നതറിഞ്ഞ് സമീപത്തെ പഞ്ചായത്തുകളിൽ നിന്നും ഓട്ടോകളെത്തി. അബുദാബിയിൽ ഫിനാൻഷ്യൽ കൺട്രോളറായി ജോലി ചെയ്യുന്ന പെർള കുദുക്കോളിയിലെ അബ്ദുല്ല മധുമൂലെയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പമ്പ്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമെന്ന നിലയിലായിരുന്നു പ്രവാസിയായ ഇദ്ദേഹത്തിന്റെ വക സൗജന്യ ഇന്ധനം നൽകൽ.
കഴിഞ്ഞ 14 ന് രാവിലെ 6.30 മുതൽ രാത്രി 9 വരെയായിരുന്നു സൗജന്യ സേവനം. അന്നേ ദിവസം പമ്പിലെത്തിയ മുഴുവൻ ഓട്ടോകൾക്കും ഇന്ധനം സൗജന്യമായി നൽകി. പെട്രോളിന് 97.70 രൂപയും ഡീസലിന് 93.11 രൂപയുമായിരുന്നു അന്നത്തെ വില. കർണാടക അതിർത്തിക്കടുത്താണ് ഈ പമ്പ്.അബുദാബിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സെയ്ദ് ഫൗണ്ടേഷനിൽ സീനിയർ ഫിനാൻഷ്യൽ കൺട്രോളറാണ് എൻമകജെ പഞ്ചായത്തിലെ കുദുക്കോളി സ്വദേശി ചാർട്ടേഡ് അക്കൗണ്ടന്റായ അബ്ദുല്ല.
മാതാപിതാക്കളുടെ പേരിലുള്ള ഹവ്വ ആൻഡ് ഹസൻ ഫൗണ്ടേഷൻ വഴി ലോക്ഡൗൺ കാലത്ത് ഭക്ഷ്യകിറ്റുകളും നൽകിയിരുന്നു. അബുദാബിയിലെ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗവും ബ്യാരി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറിയും അഡ്ക്കസ്ഥല ബദ്‌രിയാ ജുമാമസ്ജിദ് പ്രസിഡന്റുമാണ് അബ്ദുല്ല. ഭാര്യ: സാഹിദ കാദർ. മക്കൾ: ഷമ ഫാത്തിമ,ഷാമിയ ഫാത്തിമ,സാരോസ് ഹസൻ.