shibu-baby-john

കോവിഡിനെത്തുടര്‍ന്ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യബസ് നിയന്ത്രണങ്ങള്‍ക്കെതിരെ ഷിബു ബേബി ജോൺ. ഒറ്റ, ഇരട്ട നമ്പർ അടിസ്ഥാനത്തിലാണ് ഇപ്പോളത്തെ നിയമമനുസരിച്ച് സ്വകാര്യബസുകള്‍ നിരത്തിലിറക്കേണ്ടത്. ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ ആരുടെ ബുദ്ധിയിൽ ഉദിച്ചതാണെന്നും ആരാണ് ഗവണ്‍മെന്റിന് ഇത് ഉപദേശിക്കുന്നതെന്നും ഷിബു ബേബി ജോൺ ചോദിച്ചു. കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാര്‍ത്ഥമായ ആഗ്രഹമെങ്കില്‍ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

''സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന, യുക്തിയ്ക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ചകളില്‍ എല്ലാ കടകളും തുറന്നശേഷം ശനിയും ഞായറും പൂര്‍ണമായ ലോക്ക്ഡൗണ്‍ എന്ന നേരത്തെ നടപ്പിലാക്കിയ പരിഷ്‌കാരം വെള്ളിയാഴ്ചകളില്‍ ജനം കടകളിലേയ്ക്ക് തള്ളിക്കയറുന്ന നിലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും പാഠം പഠിക്കാതെയാണ് ഇപ്പോള്‍ ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കുമെന്ന തീരുമാനം വന്നിരിക്കുന്നത്. ബസുകളുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും ഓരോ ബസുകളിലേയും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. 

കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാര്‍ത്ഥമായ ആഗ്രഹമെങ്കില്‍ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവണ്‍മെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാന്‍ താല്‍പര്യമുണ്ട്.

മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയില്‍ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കാണിച്ച് നാടിനെ കൂടുതല്‍ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്''.