വണ്ടിപ്പെരിയാർ : ചുരക്കുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയെ പ്രതി അർജുൻ (22) മൂന്നു വർഷമായി ഉപദ്രവിച്ചിരുന്നതായി പൊലീസ്. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നൽകിയായിരുന്നു ചൂഷണം. ലയത്തിൽ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാൾ ഈ ബന്ധവും മുതലെടുത്തതായി പൊലീസ് പറഞ്ഞു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അർജുൻ ലയത്തിലെ മുറിയിൽ കയറി.
ഈ സമയം കുട്ടിയുടെ സഹോദരനുൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെൺകുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതി മുറിയിലെ കയറിൽ കുട്ടിയെ കെട്ടിത്തൂക്കി. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അർജുന്റെ മൊഴിയിലുണ്ട്.
കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തെളിവെടുപ്പിനു ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂസലില്ലാതെ പ്രതി
കൊടും ക്രൂരതയ്ക്കു ശേഷം ‘ദുഃഖപ്രകടനം’ കൊണ്ടും കുടുംബത്തിനു ‘സഹായമെത്തിച്ചും’ പ്രതി അർജുൻ നിറഞ്ഞുനിന്നു. മരണവീട്ടിൽ പന്തലിനു പടുത വാങ്ങാൻ പോയത് ഇയാളായിരുന്നു. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ ബന്ധുക്കൾക്കു ഭക്ഷണം തയാറാക്കുന്നതിനും വിളമ്പുന്നതിനും നേതൃത്വം നൽകി. പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചു പറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്തു.
ബന്ധുവിന്റെ മൊഴി നിർണായകമായി
കൊലപാതകം നടന്ന 30ന് ഉച്ചയ്ക്ക് അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു കേസിൽ വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു പൊലീസിനോട് പ്രതി പറഞ്ഞിരുന്നത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്.
ഇതോടെ ഇയാളിലേക്കു സംശയമെത്തി. ഡിവൈഎഫ്ഐ പ്രവർത്തകനായ അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനി ജീവനക്കാരനായിരുന്നു.
തുടക്കത്തിൽ പൊലീസിനു വീഴ്ചയെന്ന് ആക്ഷേപം
കുട്ടിയുടെ മരണം സംബന്ധിച്ചു സ്വീകരിച്ച നടപടികളിൽ ലോക്കൽ പൊലീസിനു വീഴ്ചയെന്ന് ആരോപണം. പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയ മൃതദേഹത്തെ അനുഗമിച്ചത് ഒരു വനിതാ സിവിൽ പൊലീസ് ഓഫിസർ മാത്രമായിരുന്നു. അസ്വാഭാവിക മരണങ്ങളിൽ എസ്ഐയോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർ മൃതദേഹം പരിശോധിക്കണമെന്നാണു ചട്ടം. ഇവിടെ ഇതുണ്ടായില്ല.
സാധാരണ വണ്ടിപ്പെരിയാർ സ്റ്റേഷൻ അതിർത്തിയിലെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്കാണു പോസ്റ്റുമോർട്ടത്തിന് അയയ്ക്കുന്നത്. എന്നാൽ ഈ പതിവും തെറ്റിച്ചു. വിവരമറിഞ്ഞ ഇന്റലിജൻസ് വിഭാഗം ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഒരു എസ്ഐയെ നിയോഗിച്ചു. പീഡനവിവരം ബോധ്യപ്പെട്ട ഡോക്ടർ സ്ഥലത്തുണ്ടായിരുന്ന ഇന്റലിജൻസ് എസ്ഐയെ വിളിച്ചുവരുത്തി കുട്ടിയുടെ ശരീരത്തിലെ പരുക്കുകളും മറ്റും ചൂണ്ടിക്കാട്ടി. ഈ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ഇന്റലിജൻസ് എഡിജിപിക്കു കൈമാറി.
ഇതോടെയാണ് അന്വേഷണം ഊർജിതമാക്കുന്നതിന് ഉന്നതങ്ങളിൽ നിന്നു നിർദേശമുണ്ടായത്. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ദിവസങ്ങൾക്കകം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിനു ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ് സ്വാമി, ഡിവൈഎസ്പി സി.ജി.സനൽകുമാർ എന്നിവർ നേതൃത്വം നൽകി. എസ്റ്റേറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ ശാപവാക്കുകളുമായി പ്രതിക്കു നേരെ പാഞ്ഞടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്തു പെട്ടെന്നു തെളിവെടുപ്പ് പൂർത്തിയാക്കി.