പാലാ ളാലം തോട്ടിൽ കുളിക്കാനിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിനി നേഹ ശ്രീവാസ് (31) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11.15നായിരുന്നു സംഭവം. കൂടെ ഒഴുക്കിൽപെട്ട യുവതി രക്ഷപ്പെട്ടു. പാലായില്‍ ബ്യൂട്ടി പാർലര്‍ ജീവനക്കാരിയായ ജോലി ചെയ്യുകയായിരുന്നു നേഹ. 3 ദിവസം മുൻപാണ് പാലായിൽ എത്തിയത്. ഇതിനു മുൻപ് കോട്ടയത്തായിരുന്നു ജോലി.
സഹപ്രവർത്തകരും മധ്യപ്രദേശ് സ്വദേശികളുമായ ബിന്ധ്യ, രൺബീർ, സുജുലാൽ, ചന്ദ്ര് എന്നിവർക്കൊപ്പമാണു നേഹ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കുള്ള സ്ഥലമാണെന്നും കുളിക്കുന്നത് അപകടമാണെന്നും സമീപവാസിയായ വീട്ടമ്മ വിലക്കിരുന്നു. എന്നാൽ നീന്തൽ അറിയാമെന്നു പറഞ്ഞാണ് ഇവർ തോട്ടിലിറങ്ങിയത്. നേഹയും ബിന്ധ്യയുമാണ് ഒഴുക്കിൽ പെട്ടത്. ബിന്ധ്യ സമീപത്തു കിട്ടിയ വള്ളിയിൽ പിടിച്ചുകിടന്നു. നേഹ 100 മീറ്ററോളം താഴേക്ക് ഒഴുകി.
പാലാ നഗരസഭാ സ്റ്റേഡിയത്തിനു തൊട്ടടുത്താണ് ഇവർ അപകടത്തിൽപെട്ട സ്ഥലം. സ്പോർട്സ് കൗൺസിൽ ജില്ലാതല തിരഞ്ഞെടുപ്പു നടന്ന ദിവസമായിരുന്നു ഇന്നലെ. ബഹളം കേട്ട് ഓടിയെത്തിയ സ്പോർട്സ് കൗൺസിൽ പരിശീലകരായ ബി.വേണുഗോപാലൻ നായരും ബൈജു ജോസഫും റോഡ് നിരപ്പിൽ നിന്ന് 30 അടിയോളം താഴെ തോട്ടിലേക്കു ചാടി യുവതിയെ തോടിന്റെ അരികിലെത്തിച്ചു. അഗ്നിരക്ഷാ സേന എത്തിയാണു കരയിലേക്കു കയറ്റിയത്. തുടർന്നു ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
നേഹയുടെ ഭർത്താവ് സീതാറാം ശ്രീവാസ് നേരത്തേ മരിച്ചതാണ്. 3 കുട്ടികളുണ്ട്.