kifbi-n

കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിയമസഭയിലെ വിമര്‍ശനങ്ങള്‍ തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാലും കിഫ്ബിയും. കിഫ്ബി പദ്ധതിക്ക് നിശ്ചിത ഗുണനിലവാരമുണ്ടെന്നും അതില്‍ ഇളവ് നല്‍കാനാവില്ലെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.  ആറുമീറ്റര്‍ വീതിയില്‍ റോഡ് ചെയ്താല്‍ ഗുണനിലവാരത്തില്‍ ഇടിവുണ്ടാകുമെന്ന് കിഫ്ബിയും വ്യക്തമാക്കി.

റോഡിന് ഡിപിആറിലും എസ്റ്റിമേറ്റിലും പറഞ്ഞ വീതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി പണി നിര്‍ത്തിയതായിരുന്നു ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്.

സ്ഥലമെടുക്കല്‍ പൂര്‍ത്തിയാക്കാതെ ഏനാത്ത് പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കിഫ്ബി വ്യക്തമാക്കി. 13.6 മീറ്റര്‍ വീതിയിലാണ് ഏനാത്ത്–പത്തനാപുരം റോഡിന്‍റെ ഡിപിആറും എസ്റ്റിമേറ്റും തയ്യാറാക്കിയത്. എന്നാല്‍ പലയിടത്തും ആറുമീറ്റര്‍ വീതിയേ ഉള്ളു എന്ന് പിന്നീട് വ്യക്തമായി. പദ്ധതിയുടെ സാങ്കേതിക തടസങ്ങള്‍ നീക്കുമെന്നും എന്നാല്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് സമയമെടുക്കുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി. പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കിയതില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെയാണ് ധനമന്ത്രി പഴിക്കുന്നത്.

സമാനമായ പ്രശ്നം ഒഴിവാക്കാന്‍ പ്രോജക്ട് എന്‍ജിനീയറിങ് ഡ്രോയിങ് പരിശോധിച്ച ശേഷമാണ് കിഫ്ബി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതെന്ന് സി.ഇ.ഒ കെ.എം.ഏബ്രഹാം പറഞ്ഞു. വെഞ്ഞാറമൂട് മേല്‍പ്പാലം നിര്‍മാണം തുടങ്ങാത്തതിലും കിഫ്ബിയെ ഗണേഷ് വിമര്‍ശിച്ചിരുന്നു.

ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണെന്നും അത് കഴിയുന്നതോടെ മേല്‍പ്പാലം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നുമാണ് കിഫ്ബിയുടെ മറുപടി. ഗണേഷ് –കിഫ്ബി പോരില്‍ അഭിപ്രായം പറയാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിസമ്മതിച്ചു.